ആർഎസ്എസിനും ബിജെപിക്കും ഹിന്ദുയിസവുമായി യാതൊരു ബന്ധവുമില്ല; രാഹുൽ ഗാന്ധി
|'എന്നെ സംബന്ധിച്ചിടത്തോളം, ഒരു ദലിതനോ മുസ്‌ലിമോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആക്രമിക്കപ്പെടുന്ന ഇന്ത്യ ഞാൻ ആഗ്രഹിക്കുന്ന ഇന്ത്യയല്ല'- അദ്ദേഹം പറഞ്ഞു.
പാരിസ്: ആർഎസ്എസിനും ബിജെപിക്കും ഹിന്ദുയിസവുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്ത് വില കൊടുത്തും അധികാരം പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അവർ അധികാരം കിട്ടാനായി എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാരിസിൽ സയൻസ് പിഒ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
'ഞാൻ ഗീത വായിച്ചിട്ടുണ്ട്. നിരവധി ഉപനിഷത്തുകളും ഹിന്ദു ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. ബിജെപി ചെയ്യുന്ന കാര്യങ്ങളിലൊന്നും ഹിന്ദുയിസം ഇല്ല. നിങ്ങളേക്കാൾ ദുർബലരായ ആളുകളെ ഭയപ്പെടുത്തണമെന്നും ഉപദ്രവിക്കണമെന്നും ഒരു ഹിന്ദു ഗ്രന്ഥങ്ങളിലും ഞാൻ വായിച്ചിട്ടില്ല. ഒരൊറ്റ ഹിന്ദു പണ്ഡിതനും അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല'- അദ്ദേഹം ചൂണ്ടിക്കാട്ടി.
'ബിജെപിയും ആർഎസ്എസും എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്. അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. അതിന് ഒരു രാഷ്ട്രീയ ഭാവന വേണം. അത് നടപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. താഴ്ന്ന ജാതിക്കാർ, ഒബിസികൾ, ആദിവാസികൾ, ന്യൂനപക്ഷ സമുദായങ്ങൾ എന്നിവരുടെ അഭിപ്രായ പ്രകടനവും പങ്കാളിത്തവും തടയാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു ദലിതനോ മുസ്‌ലിമോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആക്രമിക്കപ്പെടുന്ന ഇന്ത്യ ഞാൻ ആഗ്രഹിക്കുന്ന ഇന്ത്യയല്ല'..
മറ്റേതൊരു പ്രശ്‌നത്തേക്കാളും വലുതാണ് ഇന്ത്യയിലെ കേന്ദ്ര പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. 'ഹിന്ദു ദേശീയവാദികൾ എന്നത് ഒരു തെറ്റായ വാക്കാണ്. അവർ ഹിന്ദു ദേശീയവാദികളല്ല. അവർക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല'- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഇൻഡ്യ, ഭാരത് ജോഡോ യാത്ര, സ്വജനപക്ഷപാതം, മറ്റ് ദേശീയ- ആഗോള പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളിലൊക്കെ സയൻസസ് പിഒ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുമായും ഫാക്കൽറ്റികളുമായും സംസാരിച്ചതായി രാഹുൽഗാന്ധി തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചു.