നീറ്റ് ക്രമക്കേട്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി മാറി; രാഹുൽ ഗാന്ധി
|'നീറ്റ് പരീക്ഷാ വിഷയത്തിൽ നരേന്ദ്ര മോദി പതിവുപോലെ മൗനം പാലിക്കുകയാണ്'
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിഷയത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷയിൽ 24 ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവി അട്ടിമറിക്കപ്പെടുന്നതിൽ പതിവുപോലെ നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
'ബിഹാർ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ നടന്ന അറസ്റ്റുകൾ പരീക്ഷയിൽ സംഘടിത അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. പേപ്പർ ചോർച്ചയ്‌ക്കെതിരെ കർശനമായ നിയമങ്ങൾ ഉണ്ടാക്കി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ ഉറപ്പുനൽകിയിരുന്നു. തെരുവിൽ നിന്ന് പാർലമെൻ്റിലേക്ക് യുവാക്കളുടെ ശബ്ദം ശക്തമായി ഉയർത്തിയും സർക്കാരിൽ സമ്മർദം ചെലുത്തിയും അത്തരം നയങ്ങൾ രൂപീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.'- രാഹുൽ എക്സിൽ കുറിച്ചു.
നീറ്റ് പരീക്ഷാ നടത്തിപ്പിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം അശ്രദ്ധയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്ന് സുപ്രിം കോടതി ചൊവ്വാഴ്ച പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശം.
67 വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചതോടെയാണ് ക്രമക്കേടുകൾ പുറത്തറിയുന്നത്. ഉന്നത മാർക്ക് ലഭിച്ചവരിൽ പലരും ഹരിയാനയിലെ ഒരേ സെന്ററിൽ പരീക്ഷ എഴുതിയവരാണ്.
പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്ക് ജൂൺ 23നാണ് പുനഃപരീക്ഷ നടത്തുക. 30ന് ഫലം പ്രഖ്യാപിക്കും.