'ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റെന്ന് ഭീഷണി'; അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് നൽകി ബി.ജെ.പി
|അതിഷി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം
ന്യൂഡൽഹി: ആം ആദ്മി പാര്ട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് നൽകി ബി.ജെ.പി. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിഷി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു അതിഷിയുടെ ആരോപണം. ബി.ജെ.പിയിൽ ചേരാൻ തന്റെ അടുത്ത സുഹൃത്ത് വഴി ബിജെപി നീക്കം നടത്തിയെന്നും ചേർന്നില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വെളിപ്പെടുത്തിയിരുന്നു.
ഈ ആരോപണത്തിലാണ് ഡൽഹിയിലെ ബി.ജെ.പി അതിഷിക്ക് നോട്ടീസ് അയച്ചത്. അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ വാർത്താസമ്മേളനത്തിൽ പറഞ്ഞു
അതിഷി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. ആം ആദ്മിയുടെ വാദങ്ങൾ വ്യാജമാണെന്നും ബി.ജെ.പി പറയുന്നു. ആരാണ് സമീപിച്ചത്, എങ്ങനെ, എപ്പോൾ എന്നതിന് തെളിവ് നൽകുന്നതിൽ അതിഷി പരാജയപ്പെട്ടു. ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിലാണ്. ആ നിരാശയിൽ നിന്നാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ ഈ വ്യാജ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവരെ അനുവദിക്കില്ലെന്നും വീരേന്ദ്ര സച്ദേവ പറഞ്ഞു.
ഡൽഹിയിൽ ഓപ്പറേഷൻ താമര ആരോപണവുമായി ആം ആദ്മി പാർട്ടി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പത്ത് എം.എൽ.എ.മാരെ ബി.ജെ.പിയിൽ എത്തിക്കുവാൻ 25 കോടി വാഗ്ദാനം ലഭിച്ചതായി ആപ് എംഎൽഎ ഋതുരാജ് ത്സാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പിക്ക് മറുപടി നൽകുമെന്നും നേതാക്കൾ പ്രതികരിച്ചു. കെജ്രിവാളിനെ ജയിലിൽ അടച്ചതിനു പിന്നാലെ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപണം. രാജ്യത്ത് പുടിൻ മോഡൽ ഭരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു.