നഡ്ഡ കേന്ദ്രമന്ത്രിയായി; ബിജെപിയെ നയിക്കാൻ ഇനി ആര്?
|നഡ്ഡയുടെ അധ്യക്ഷതയിൽ ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു 2024ലേത്
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ അധികാരമേറ്റതോടെ ബിജെപിയെ ഇനി ആര് നയിക്കുമെന്ന ചോദ്യം ബാക്കിയായി. ശിവരാജ് സിങ് ചൗഹാന്റെയും ധർമേന്ദ്ര പ്രധാന്റെയും പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും ഇവരും മന്ത്രിസഭയിൽ ഇടംപിടിച്ചതിനാൽ പാർട്ടി തലപ്പത്ത് പുതിയ ഒരാളെന്നത് ഉറച്ച മട്ടാണ്.
രാജ്‌നാഥ് സിങ്ങിനും അമിത് ഷായ്ക്കും നിതിൻ ഗഡ്കരിക്കും പിന്നാലെ അഞ്ചാമനായാണ് ജെപി നഡ്ഡ സത്യപ്രതിജ്ഞ ചെയ്തത്. നഡ്ഡയുടെ ദേശീയ അധ്യക്ഷ കാലാവധി ഈ മാസം അവസാനിക്കാനിരിക്കേയാണ് പുതിയ നിയോഗം.
2019ൽ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതോടെയായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് നഡ്ഡയുടെ രംഗപ്രവേശം. നഡ്ഡയുടെ അധ്യക്ഷതയിൽ ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു 2024ലേത്. 2014ലും അമിത് ഷാ തന്നെയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ.
മോദിയുടെ ഒന്നാം മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ വർക്കിംഗ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ തലപ്പത്ത് നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് നഡ്ഡ. ബിഹാർ, യുപി, കേരള, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും നേതൃത്വം നൽകി.
201ൽ നഡ്ഡ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014ൽ അമിത് ഷാ ദേശീയ അധ്യക്ഷനായപ്പോൾ പാർട്ടിയുടെ പാർലമെന്ററി ബോർഡിൽ അംഗവുമായി. നിലവിൽ മോദി മന്ത്രിസഭയിൽ ഹിമാചലിൽ നിന്നുള്ള ഏക പ്രതിനിധിയാണ് 63കാരനായ നഡ്ഡ.
അതേസമയം, 72 മന്ത്രിമാരാണ് മൂന്നാം മോദി സർക്കാരിന്റെ ഭാഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും,5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും, 36 സഹമന്ത്രിമാരും ഉള്‍പ്പെടും. ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് പേർ വീതം മന്ത്രിമാരായി അധികാരമേൽക്കും. സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ. ഘടകകക്ഷികളിൽ നിന്ന് ആദ്യം സത്യ പ്രതിജ്ഞ ചെയ്തത് എച്ച്.ഡി കുമാരസ്വാമിയാണ്. ജെഡി(യു )വിൽ നിന്ന് ലലൻ സിംഗും സത്യപ്രതിജ്ഞ ചെയ്തു