India
bengal bjp bandh
India

വനിതാ ഡോക്ടറുടെ കൊലപാതകം: ബംഗാളിൽ ബി.ജെ.പി ബന്ദ് ആരംഭിച്ചു

Web Desk
|
28 Aug 2024 12:55 AM GMT

സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ചാണ് ബന്ദ്

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ചാണ് ബന്ദ്. കൊല്‍ക്കത്തയടക്കം പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണം എന്നാവശ്യവുമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളോട് മമത സര്‍ക്കാരും പൊലീസും ക്രൂരത കാട്ടിയെന്നു ആരോപിച്ചാണ് ബന്ദ്. സമരത്തെ നേരിട്ട രീതി അപലപനീയവും നാണക്കേടുമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു.

ബംഗാള്‍ ജനത കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ പറഞ്ഞു. ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെ പുറത്താക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.

ബാരിക്കേഡുകൾ മറികടന്നു സെക്രട്ടറിയേറ്റിലേക്ക് ഇന്നലെ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി വിദ്യർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു. 126 പ്രതിഷേധ ക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സഗകൊല കേസിൽ എ.എസ്.ഐ അനൂപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. പ്രതിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് നടപടി.

Similar Posts