India
നാല് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി
India

നാല് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ijas
|
17 April 2022 1:04 AM GMT

സമീപകാലത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ തോല്‍വി നേരിട്ട കോണ്‍ഗ്രസിന് ആശ്വാസമാണ് ഉപതെരഞ്ഞെടുപ്പ് ഫലം

ന്യൂ ഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി. ബംഗാളിലെ അസന്‍സോളില്‍ ടി.എം.സിയുടെ ശത്രുഘ്നന്‍ സിന്‍ഹക്കും ബാലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍ ടി.എം.സിയുടെ ബാബുല്‍ സുപ്രിയോക്കും വന്‍ വിജയം. ബീഹാറിലെ ബോച്ചാഹന്‍ നിയമസഭ മണ്ഡലം ആര്‍.ജെ.ഡിയും മഹാരാഷ്ട്രയിലെ കോലാപൂര്‍, ഛത്തീസ്ഗഢിലെ ഖൈരാഗഡ് നിയമസഭാമണ്ഡലങ്ങള്‍ കോണ്‍ഗ്രസും സ്വന്തമാക്കി.

ബംഗാള്‍ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം വലിയ ക്ഷീണമാണ് ബി.ജെ.പിക്ക് ഏൽപ്പിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശത്രുഘ്നന്‍ സിന്‍ഹ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് അസന്‍സോളി മണ്ഡലം പിടിച്ചത്. സിറ്റിങ് മണ്ഡലമായിരുന്നിട്ട് പോലും ബി.ജെ.പിയുടെ അഗ്നിമിത്ര പോളിന് ടി.എം.സിയുടെ അടുത്തെത്താൻ പോലുമായില്ല. ആദ്യമായാണ് മണ്ഡലത്തില്‍ തൃണമൂല്‍ ജയിക്കുന്നത്. ബാലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച ബാബുല്‍ സുപ്രിയോ വിജയിച്ചത് 19000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. സി.പി.എമ്മിന്‍റെ സയ്റ ഷാ ഹാലിം രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബീഹാറിലെ ബോച്ചാഹന്‍ മണ്ഡലത്തില്‍ ആര്‍.ജെ.ഡിയുടെ അമര്‍ പസ്വാന്‍ 36000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി വിട്ട് എത്തിയ അമര്‍ പസ്വാന്‍ ബി.ജെ.പിയുടെ ബേബി കുമാരിയെയാണ് പരാജയപ്പെടുത്തിയത്. ഛത്തീസ്ഗഡിലെ ഖൈരാഗഡ് നിയമസഭ സീറ്റില്‍ കോണ്‍ഗ്രസിന്‍റെ യശോദ നിയംബീര്‍ വര്‍മ്മയും മഹാരാഷ്ട്രയിലെ കോലാപൂര്‍ നിയമസഭ സീറ്റില്‍ ജയശ്രീ ജാദവും വിജയിച്ചു. സമീപകാലത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ തോല്‍വി നേരിട്ട കോണ്‍ഗ്രസിന് ആശ്വാസമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.

BJP suffers setback in by-elections in four states

Similar Posts