പ്രവാചകനെതിരെ അപകീര്‍ത്തി പരാമര്‍ശം: ദേശീയ വക്താവ് നുപൂർ ശർമയെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തു
|ഡൽഹി മീഡിയ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പ്രാഥമികാംഗത്വത്തില്‍നിന്ന് നീക്കിയിട്ടുണ്ട്
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമയെ സസ്‌പെൻഡ് ചെയ്തു. ഡൽഹി മീഡിയ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. പ്രാഥമികാംഗത്വത്തിൽനിന്നാണ് ഇരുവരെയും നീക്കിയത്.
നേരത്തെ, പ്രവാചകനെതിരായ അപകീർത്തി പരാമർശത്തെ തള്ളി ബി.ജെ.പി വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബി.ജെ.പി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയത്. നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണവും നടപടിയും.
ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപൂർ ശർമയ്‌ക്കെതിരെ കേസെടുത്തത്.
സമൂഹമാധ്യമങ്ങളിൽ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നവീൻ കുമാർ ജിൻഡാലിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. ട്വിറ്ററിലായിരുന്നു ജിൻഡാലിന്റെ വിവാദ പരാമർശങ്ങൾ.
ഇന്ത്യയുടെ ആയിരക്കണക്കിനു വരുന്ന ചരിത്രത്തിൽ എല്ലാ മതവും വളർന്നു പുഷ്പിച്ചിട്ടുണ്ടെന്നും ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഏതു മതത്തിന്റെയും മതവ്യക്തിത്വങ്ങളെയും ബി.ജെ.പി ശക്തമായി അപലപിക്കുന്നു. ഏതു മതത്തെയും വിഭാഗത്തെയും അവഹേളിക്കുന്ന ഏതു പ്രത്യയശാസ്ത്രത്തിനും ശക്തമായി എതിർക്കുന്നു ബി.ജെ.പി. അത്തരക്കാരെയും അത്തരം തത്വശാസ്ത്രങ്ങളെയും ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വാർത്താകുറിപ്പിൽ പറയുന്നു.
സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഏതു മതവും പിന്തുടരാനും എല്ലാ പൗരന്മാർക്കും ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും വാർത്താകുറിപ്പിൽ തുടരുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, എല്ലാവർക്കും തുല്യ അവകാശമുള്ളതും എല്ലാവരും അഭിമാനത്തോടെ ജീവിക്കുന്നതുമായ മഹത്തായ രാജ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണ് നമ്മൾ. എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമൊപ്പം അടിയുറച്ചുനിൽക്കുകയും എല്ലാവരും വികസനത്തിന്റെയും വളർച്ചയുടെയും ഫലങ്ങൾ ആസ്വാദിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുമെന്നും അരുണ്‍ സിങ് വ്യക്തമാക്കി.
Summary: BJP suspends spokespersons Nupur Sharma, Naveen Jindal over derogatory remarks on the Prophet Muhammed