പ്രവാചക നിന്ദ; തെലങ്കാന ബിജെപി എംഎൽഎയ്ക്ക് സസ്പെൻഷൻ
|പ്രവാചകനിന്ദാ പരാമർശത്തിൽ രാജാ സിങ്ങിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ തെലങ്കാന ബിജെപി എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗോഷാമഹൽ എംഎൽഎ ടി രാജാ സിങ്ങിനെതിരെയാണ് നടപടി.
പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ 10 ദിവസത്തിനകം അറിയിക്കണമെന്നും ദേശീയ അച്ചടക്കസമിതി മെംബര്‍ സെക്രട്ടറി ഒ.എം പഥക് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
പരാമര്‍ശം പാര്‍ട്ടിയുടെ 15ാം ചട്ടത്തിന്റെയും പാര്‍ട്ടി ഭരണഘടനയിലെ പത്ത് (എ) വകുപ്പിന്റേയും ലംഘനമാണെന്നും കത്തില്‍ പറയുന്നു. പ്രവാചകനിന്ദാ പരാമർശത്തിൽ രാജാസിങ്ങിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾക്കെതിരെ ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. മതസ്പർധയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153 എ, 295, 505 വകുപ്പുകൾ ചുമത്തിയാണ് രാജാ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.
നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി ആനന്ദിന്റെ ഓഫീസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾക്കെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നതായി ഡിസിപി സൗത്ത് സോൺ പി സായ് ചൈതന്യ പറഞ്ഞിരുന്നു.