ഹെലികോപ്ടറുകളെല്ലാം ബി.ജെ.പി ബുക്ക് ചെയ്തുകഴിഞ്ഞു; ഡിസംബറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കും- മമത ബാനർജി
|''ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ രാജ്യം കാണാൻ പോകുന്നത് ഏകാധിപത്യ ഭരണമായിരിക്കും. അവർ ഇന്ത്യയെ വിദ്വേഷരാജ്യമാക്കി മാറ്റും.''
കൊൽക്കത്ത: ഈ വർഷം അവസാനത്തിൽ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലഭ്യമായ ഹെലികോപ്ടറുകളെല്ലാം ബി.ജെ.പി പ്രചാരണത്തിനായി ബുക്ക് ചെയ്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ബി.ജെ.പിക്ക് മൂന്നാം ഊഴം കൂടി ലഭിച്ചാൽ രാജ്യം ഏകാധിപത്യത്തിലേക്കായിരിക്കും പോകുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ഹെലികോപ്ടറുകളും ബുക്ക് ചെയ്തിരിക്കുകയാണ് ബി.ജെ.പി. മറ്റൊരു പാർട്ടിക്കും അവ പ്രചാരണത്തിന് ലഭിക്കില്ലെന്നും മമത പറഞ്ഞു.
''ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ രാജ്യം കാണാൻ പോകുന്നത് ഏകാധിപത്യ ഭരണമായിരിക്കും. 2023 ഡിസംബറിൽ തന്നെ അവർ(ബി.ജെ.പി) ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നൊരു ഭയമുണ്ട് എനിക്ക്. രാജ്യത്തെ വിവിധ സമുദായങ്ങൾക്കിടയിൽ ഇതിനകം തന്നെ കാവിപ്പാർട്ടി ശത്രുത നിറച്ചിട്ടുണ്ട്. ഇനിയും ഭരണത്തിലെത്തിയാൽ ഇന്ത്യയെ വിദ്വേഷരാജ്യമാക്കി മാറ്റുമവർ.''-അവർ ചൂണ്ടിക്കാട്ടി.
നോർത്ത് 24 പർഗാനാസിൽ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപതുപേർ കൊല്ലപ്പെട്ട സംഭവത്തിലും ബംഗാൾ മുഖ്യമന്ത്രി പ്രതികരിച്ചു. ''ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഏതാനും പൊലീസുകാർ അവർക്കു സഹായവും നൽകുന്നുണ്ട്. ഭൂരിപക്ഷം പൊലീസുകാരും നൂറുശതമാനം ആത്മാർത്ഥതയോടെയാണ് ജോലി ചെയ്യുന്നത്. എന്നാൽ, ചിലർ ഇത്തരക്കാരെ സഹായിക്കുന്നു. റാഗിങ് വിരുദ്ധ സെൽ പോലെത്തന്നെ ബംഗാളിൽ അഴിമതി വിരുദ്ധ വിഭാഗവുമുണ്ടെന്ന് അവർ ഓർക്കുന്നതു നല്ലതാണ്''- മമത ബാനർജി കൂട്ടിച്ചേർത്തു.
Summary: BJP may go for Lok Sabha polls in December 2023, has booked all choppers for campaigning: Mamata Banerjee