ആന്ധ്ര വഴി ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ബി.ജെ.പി; സംസ്ഥാന നേതാക്കളുടെ യോഗം ഇന്ന് ഹൈദരാബാദിൽ
|കേരളത്തിലെയും തമിഴ്നാട്ടിലെയും നേതൃമാറ്റം ചർച്ചയായേക്കും
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യൻ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ബി.ജെ.പി യോഗം ഇന്ന് ചേരും. ഹൈദരാബാദിൽ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ധയുടെ അധ്യക്ഷതയിൽ ആണ് യോഗം . ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കാനാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ വിജയം നേടിയ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിലെ അധികാരം ഇപ്പോഴും വിദൂര സ്വപ്നം മാത്രമാണ്. ഭരണം കൈവശം ഉണ്ടായിരുന്ന കർണാടക കൂടി കൈവിട്ടതോടെ പാർട്ടി ദേശീയ നേതൃത്വം അതീവ ജാഗ്രതയിലാണ്. വിജയ തുടർച്ച നേടിയ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദക്ഷിണേന്ത്യ ബിജെപിയ്ക്ക് ഒപ്പം ആയിരുന്നില്ല.
129 ലോക്സഭാ സീറ്റുകളിൽ 28 എണ്ണം മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർവാഹക സമിതി തീരുമാന പ്രകാരം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിർത്താൻ ബി.ജെ.പി ആവിഷ്കരിച്ച പദ്ധതികൾ എല്ലാം മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്ക് എത്തിരെയുണ്ടായ അക്രമ സംഭവങ്ങളിൽ തട്ടി തകർന്നു. ഈ തിരിച്ചടി പരിഹരിക്കാൻ ഉള്ള ചർച്ചകളും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. ആന്ധ്ര വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഈ മാസം നടക്കാനിരിക്കുന്ന പഴയ എൻഡിഎ സഖ്യ കക്ഷികളുടെ യോഗത്തിലേക്ക് തെലുഗു ദേശം പാർട്ടിയെ എത്തിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതും ഇതിൻ്റെ ഭാഗമായാണ്. ഒരിക്കൽ മുന്നണി വിട്ടവരെ തിരിച്ച് കൊണ്ട് വരാൻ എന്ത് ഉപാധികൾ അംഗീകരിക്കാനും തയ്യാറാണ് ബി.ജെ.പി. പ്രതിപക്ഷ ഐക്യ ചർച്ചകളോട് മുഖം തിരിച്ച് നിൽക്കുന്ന ബിആർഎസിനെ കൂടെ നിർത്താൻ കഴിഞ്ഞാൽ തെലങ്കാനയിൽ മുന്നേറ്റം സൃഷ്ടിക്കാം എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. തെലങ്കാനയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കറിനെ നിയമിച്ച സാഹചര്യത്തിൽ കേരളത്തിൻ്റെ ചുമതല കേന്ദ്ര മന്ത്രി വി.മുരളീധരനോ അല്ലെങ്കിൽ മറ്റൊരു മുതിർന്ന നേതാവിനോ കൈമാറാനാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ നേതൃമാറ്റം ഉൾപ്പടെയുള്ള സജീവ ചർച്ചകൾക്കും ഹൈദരാബാദിൽ ഇന്ന് നടക്കുന്ന യോഗം വേദിയായേക്കും.