രാമക്ഷേത്ര പ്രതിഷ്ഠ; രാജ്യത്തെ ആയിരത്തോളം പള്ളികളിലും ദർഗകളിലും ദീപം തെളിയിക്കുമെന്ന് ബിജെപി
|ഡൽഹി ജമാ മസ്ജിദും നിസാമുദ്ദീൻ ദർഗയും ഇതിൽ ഉൾപ്പെടുമെന്ന് മൈനോരിറ്റി മോർച്ചാ നേതാവ് പറഞ്ഞു.
ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പള്ളികളിലും ദർഗകളിലും ദീപം തെളിയിക്കുമെന്ന് ബിജെപി. രാജ്യത്തുടനീളമുള്ള 1,200 ദർഗകളിലും പള്ളികളിലും മൺവിളക്കുകൾ കത്തിക്കുമെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗമായ മൈനോരിറ്റി മോർച്ചയാണ് പ്രഖ്യാപിച്ചത്. ദീപോത്സവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജനുവരി 12 മുതൽ 22 വരെയാണ് സംഘടിപ്പിക്കുന്നത്.
'ചെറുതും വലുതുമായ പള്ളികൾ, ദർഗകൾ, മറ്റ് മുസ്‌ലിം ആരാധനാ കേന്ദ്രങ്ങൾ അടക്കം 1200 സ്ഥലങ്ങൾ ഞങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ ദീപം തെളിയിക്കും. ഡൽഹിയിൽ മാത്രം (ദർഗകളും പ്രശസ്ത പള്ളികളുമടക്കം) 36 കേന്ദ്രങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ ഡൽഹി ജമാ മസ്ജിദും നിസാമുദ്ദീൻ ദർഗയും ഉൾപ്പെടും'- ബിജെപി മൈനോരിറ്റി മോർച്ചാ കൺവീനർ യാസർ ജീലാനി പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കണമെന്ന് ഡിസംബർ 30ന് അയോധ്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ജനുവരി 14 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള തീർഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങൾ ആരംഭിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
വിവിധ മതങ്ങൾ, സംസ്കാരങ്ങൾ, വംശങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും രാജ്യത്ത് സാമുദായിക സൗഹാർദത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്താനുമാണ് ഈ നീക്കമെന്നാണ് ബിജെപി നേതാക്കളുടെ വാദം. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.
നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മുസ്‌ലിംകൾ പള്ളികളിലും ദർഗകളിലും മദ്രസകളിലും “ജയ് ശ്രീറാം, ജയ് റാം, ജയ് ജയ് റാം” എന്ന് വിളിക്കണമെന്ന് ആർഎസ്എസ് നേതാവ് ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ് ആഹ്വാനവുമായി രംഗത്തെത്തിയത്.
ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ് എന്നിവ കൂടാതെ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരും അയോധ്യയിലെ പ്രതിഷ്ഠാദിന ചടങ്ങിനോടനുബന്ധിച്ച് അതാത് മതകേന്ദ്രങ്ങളിൽ സമാധാനം, ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രാർഥനകൾ അർപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.