നെഹ്റുവിന്റെയും ഇന്ദിരയുടെയും പരമ്പരയെ ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്: ശിവസേന
|സർക്കാർ ഇന്ന് വേട്ടയാടുന്നത് രാഹുലും സോണിയയുമാണെങ്കിൽ നാളെ അതാരുമാകാമെന്നും എതിരാളികളെ ഉന്മൂലനം ചെയ്യാൻ സർക്കാറിന് ഹിറ്റലറിന്റെ ഗ്യാസ് ചേംബറുകളുടെ കുറവേയുള്ളൂവെന്നും 'സാംന' എഡിറ്റോറിയൽ
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും മകൾ ഇന്ദിരാഗാന്ധിയുടെയും ഓർമകൾ മായ്ച്ചുകളയാൻ മാത്രമല്ല, അവരുടെ പരമ്പരയുടെ സാധ്യത ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശിവസേന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ ശിവസേനാ മുഖപത്രമായ 'സാംന'യുടെ എഡിറ്റോറിയലിലാണ് പ്രതികരണം.
രാഹുലിനെ ചോദ്യം ചെയ്യുന്നതിലൂടെ 'ആരുടെ കോളറിലും പിടിക്കാനാകു'മെന്ന് കാണിക്കുകയാണ് ബിജെപിയെന്നും ഇത് അധികാരത്തിന്റെ അഹങ്കാരമാണെന്നും മറാത്തിയിലിറങ്ങുന്ന പത്രത്തിൽ പറഞ്ഞു. സർക്കാർ ഇന്ന് വേട്ടയാടുന്നത് രാഹുലും സോണിയയുമാണെങ്കിൽ നാളെ അതാരുമാകാമെന്നും എതിരാളികളെ ഉന്മൂലനം ചെയ്യാൻ സർക്കാറിന് ഹിറ്റലറിന്റെ ഗ്യാസ് ചേംബറുകളുടെ കുറവേയുള്ളൂവെന്നും എഡിറ്റോറിയൽ വിമർശിച്ചു.
ശിവസേന, രാഷ്ട്രീയ ജനതാദൾ, സമാജ്വാദി പാർട്ടി, ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവയെല്ലാം ഇ.ഡി പരിശോധനകളിൽ വരുമ്പോൾ ഒരു ബിജെപി നേതാവിനെ പോലും ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും ഇത് എങ്ങനെയാണ് തുല്യനീതിയാകുകയെന്നും ശിവസേന ചോദിച്ചു.
മുൻ മഹാരാഷ്ട്ര മന്ത്രി അനിൽ ദേശ്മുഖ്, മന്ത്രി നവാബ് മാലിക് (ഇരുവരും ജയിലിൽ), അഭിഷേക് ബാനർജി, സഞ്ജയ് റാവത്ത്, അനിൽ പരാബ് (ശിവസേനാ നേതാക്കൾ), ലാലുപ്രസാദ് യാദവ് എന്നിവരെ നോട്ടമിടുകയാണ് ഇ.ഡിയുടെ ഏകജോലിയെന്നും കുറ്റപ്പെടുത്തി.
ബുധനാഴ്ച്ചയടക്കം തുടർച്ചയായി മൂന്നു ദിവസം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് കേസിലാണ് ചോദ്യം ചെയ്യൽ നടന്നത്. കോൺഗ്രസ് നേതാവ് പി. ചിദംബരം ആവശ്യപ്പെട്ടിട്ടും കേസിലെ കുറ്റപത്രം നൽകാനോ ചോദ്യങ്ങൾക്ക് മറുപടി പറയാനോ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ശിവസേന ചൂണ്ടിക്കാട്ടി.