'4000 സീറ്റിൽ എൻ.ഡി.എ ജയിക്കും'; മോദിയെ സാക്ഷിയാക്കി നിതീഷ് കുമാറിന്റെ പ്രസഗം
|ബിഹാറിലെ നവാഡയില്‍ നടന്ന റാലിക്കിടെയാണ് നിതീഷ് കുമാറിന് നാക്ക് പിഴവുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സദസ്സിലിരിക്കേയാണ് സംഭവം.
പറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ '4000' സീറ്റില്‍ കൂടുതല്‍ നേടുമെന്ന് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പ്രസംഗം. ബിഹാറിലെ നവാഡയില്‍ നടന്ന റാലിക്കിടെയാണ് നിതീഷ് കുമാറിന് നാക്ക് പിഴവുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സദസ്സിലിരിക്കേയാണ് സംഭവം.
വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളുടെ എല്ലാ വോട്ടുകളും പ്രധാനമന്ത്രിക്ക് നൽകും. അദ്ദേഹം 4000 എംപിമാരുമായി തിരിച്ചെത്തുമെന്നായിരുന്നു നിതീഷിന്റെ പ്രസംഗം. ലോക്‌സഭയുടെ ആകെ അംഗബലം 543 ആണ്. 400 സീറ്റാണ് എൻഡിഎയുടെ ലക്ഷ്യമിടുന്നത്. ഇതാണ് 4000 ആയത്.
തെരഞ്ഞെടുപ്പില്‍ 'നാല് ലക്ഷം സീറ്റ്' എന്നാണ് ആദ്യം നിതീഷിന്‍റെ വായിൽ വന്നതെങ്കിലും പിന്നീടത് തിരുത്തി, ബിജെപി നാലായിരം സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പറയുന്നത് വീഡിയോയില്‍ കേൾക്കാം. പിന്നീട് പ്രസംഗിക്കാനെത്തുന്ന പ്രധാനമന്ത്രി, 'താങ്കള്‍ നന്നായി പ്രസംഗിച്ചു, എനിക്ക് പറയാന്‍ ഒന്നും ബാക്കിവെച്ചില്ല' എന്ന് നിതീഷിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് നിതീഷ്, മോദിയെ കാൽതൊട്ട് വന്ദിക്കുന്നതും വീഡിയോയിൽ കാണാം.
നിതീഷ് കുമാറിന്റെ പ്രസംഗം നീണ്ടുപോയപ്പോൾ ജനതാദൾ യുണൈറ്റഡിൻ്റെ മുതിർന്ന നേതാവ് വിജയ് കുമാർ ചൗധരി തൻ്റെ വാച്ചിൽ നോക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
അതേസമയം നിതീഷിന്‍റെ നാക്കുപിഴവ് വൈകാതെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് ഇടയാക്കി. ആര്‍.ജെ.ഡി വക്താവ് സരിക പസ്വാനുള്‍പ്പടെ നിതീഷിനെ പരിഹസിച്ച് രംഗത്തെത്തി.'നാലു ലക്ഷത്തിലേറെ സീറ്റുകള്‍ കിട്ടുമെന്ന് ആശംസിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് കൂടിപ്പോകുമെന്ന് കരുതിയാകാം നാലായിരത്തിൽ ഒതുക്കിയതെ'ന്ന് അവര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു.
आज नीतीश जी ने तो 4000 पार का नारा लगा दिया। 🤣 pic.twitter.com/Sef6ACaSxo
— Kanchana Yadav (@Kanchanyadav000) April 7, 2024