India
മതത്തിന്റെ പേരിൽ വേർതിരിക്കുന്നത് അധികകാലം നടക്കില്ല, കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കും;  നിരീക്ഷണവുമായി ശരദ് പവാർ
India

'മതത്തിന്റെ പേരിൽ വേർതിരിക്കുന്നത് അധികകാലം നടക്കില്ല, കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കും'; നിരീക്ഷണവുമായി ശരദ് പവാർ

Web Desk
|
28 Jan 2023 10:52 AM GMT

സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപ കാലത്ത് നടത്തി അഭിപ്രായ സർവേയിൽ തെളിഞ്ഞതാണെന്നും പവാർ

കോലാപ്പൂർ: കർണാടക ബി.ജെ.പിയുടെ നിയന്ത്രണത്തിൽ നിന്ന് വഴുതിമാറുകയാണെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) പ്രസിഡൻറ് ശരദ് പവാർ. ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇത് സംബന്ധിച്ച് ഇദ്ദേഹം പ്രസ്താവന നടത്തിയത്.

'അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ ബി.ജെ.പി അധികാരത്തിലുണ്ടാകില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ട്. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്താനും ഐക്യമുന്നി രൂപീകരിക്കാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സംസ്ഥാനത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അവ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്' പവാർ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപ കാലത്ത് നടത്തി അഭിപ്രായ സർവേയിൽ തെളിഞ്ഞതാണെന്നും തെരഞ്ഞെടുപ്പിൽ അവർക്കിത് തിരിച്ചടിയാകുമെന്നും പവാർ ചൂണ്ടിക്കാട്ടി.

'ജനങ്ങളിനിയും അധിക കാലം മതവിഷയങ്ങളുടെ പേരിൽ വോട്ട് ചെയ്യില്ല. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുന്നത് അധികകാലം നടക്കില്ല' അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ചും അദ്ദേഹം നിരീക്ഷണം പങ്കുവെച്ചു. യാത്രക്ക് നിരവധി സാധാരണക്കാരുടെ പിന്തുണയാണ് ലഭിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബി.ബി.സി ഡോക്യുമെൻററിക്കെതിരെയുള്ള കേന്ദ്രനിലപാട് ജനാധിപത്യത്തിനെതിരെയുള്ള അവഹേളനമാണെന്നും മഹാവികാസ് അഗാഡി നേതാവ് കൂടിയായ അദ്ദേഹം വിമർശിച്ചു.

അതേസമയം, ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് കർണാടകയിലെ ബി.ജെ.പി എം.എൽ.സിയും മുതിർന്ന നേതാവുമായ എച്ച്. വിശ്വനാഥ് പറഞ്ഞു. കർണാടക കോൺഗ്രസ് പ്രസിഡൻറ് ഡി.കെ. ശിവകുമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രൺദീപ് സിംഗ് സുർജേവാല എന്നിവരോട് സംസാരിച്ച ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019ൽ സഖ്യസർക്കാർ തകർന്നതിനെ തുടർന്ന് ബി.ജെ.പിയിൽ ചേർന്നയാളാണ് ജനതാദൾ എസിന്റെ മുൻ സംസ്ഥാന പ്രസിഡൻറായ ഇദ്ദേഹം.

തെരഞ്ഞെടുപ്പിന് മുമ്പേ ശേഷമോ കോൺഗ്രസിൽ ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. 'വ്യക്തിപരമായി ഞങ്ങൾ നല്ല ബന്ധം പുലർത്തുന്നവരാണ്. നിയമപഠനം ഒന്നിച്ച് നടത്തിയ ഞങ്ങൾ സുഹൃത്തുക്കളാണ്' അദ്ദേഹം പറഞ്ഞു.

'40 വർഷം ഞാൻ കോൺഗ്രസിനൊപ്പമായിരുന്നു. ഞാനൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. കോൺഗ്രസിനെ ഞാനെന്റെ അമ്മയെ പോലെയാണ് എന്നും കണ്ടത്. വരുന്ന തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്റെ കുട്ടികളും തെരഞ്ഞെടുപ്പിനിറങ്ങില്ല' വിശ്വനാഥ് വ്യക്തമാക്കി.

'ഒരു കുടുംബത്തിലെ അംഗങ്ങളുടെ പാർട്ടിയായ ജെ.ഡി.എസിനൊപ്പമായിരുന്നു ഞാൻ. സഖ്യസർക്കാറിന്റെ കാബിനറ്റിൽ മുൻമുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബത്തിലെ ഏഴംഗങ്ങളുണ്ടായിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ബി.ജെ.പിയുടെ ഭരണം ഒട്ടും മികച്ചതായിരുന്നില്ല. നാളിതുവരെയായി സംസ്ഥാനത്ത് അഴിമതി തുടരുകയാണ് യെഡ്യൂരപ്പ' അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഇക്കാരണങ്ങളാൽ ഞാൻ കോൺഗ്രസിനെ പിന്തുണക്കുകയാണ്. ജനപക്ഷ സർക്കാറാണ് പ്രധാനം. കോൺഗ്രസിൽ ചേരുന്നതിനേക്കാൾ പ്രധാനം ഞാൻ പാർട്ടിയെ പിന്തുണക്കുന്നുതാണ്' വിശ്വനാഥ് ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ ലോട്ടസിൽ വിമതനിരയിൽ മുമ്പിൽ നിന്നയാളാണ് വിശ്വനാഥ്.

BJP will lose in Karnataka elections; Sharad Pawar

Similar Posts