'യുപിയിലും മഹാരാഷ്ട്രയിലും ബിജെപി പൊട്ടും, യോഗിയുടെ മുഖ്യമന്ത്രിക്കസേരയും പോകും': അഖിലേഷ് യാദവ്
|ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ലക്‌നൗ: ഉത്തർപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തോല്‍ക്കുമെന്നും പിന്നാലെ യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിക്കസേര നഷ്ടമാകുമെന്നും സമാജ്‌വാദി പാർട്ടി (എസ്പി) അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.
ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിനാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം യോഗി ആദിത്യനാഥിന് അനിവാര്യമാണ്. അതേസമയം മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 20നാണ്. 23നാണ് എല്ലായിടത്തേക്കുമുള്ള ഫലപ്രഖ്യാപനം.
'യോഗി ആദിത്യനാഥ് സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സ്വന്തം പാളയത്തില്‍ നിന്നുംതന്നെ പടയൊരുക്കമുണ്ടെന്നും'- അഖിലേഷ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കഠേഹാരിയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ' ഇന്‍ഡ്യ' സഖ്യത്തെ റെക്കോർഡ് വോട്ടുകൾക്ക് വിജയിപ്പിച്ചതോടെ ബിജെപിയെ ജനങ്ങൾ രണ്ടാം സ്ഥാനത്തേക്ക് ഇരുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റത് മുതൽ നേതാക്കൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും' അഖിലേഷ് പറഞ്ഞു.
'ഉപതെരഞ്ഞെടുപ്പിൽ മാത്രമല്ല, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തോൽക്കും. അതിനു ശേഷം മുഖ്യമന്ത്രിക്ക് (യോഗി ആദിത്യനാഥ്) കസേര നഷ്ടപ്പെടും. അദ്ദേഹം വിവേചനം കാണിക്കുകയാണ്. മറുവശത്ത്, അദ്ദേഹത്തെ പുറത്താക്കാൻ സ്വന്തം പാർട്ടിയിൽ നിന്നുള്ളവർ തന്നെ രംഗത്തിറങ്ങുന്നു'- അഖിലേഷ് പറഞ്ഞു. പിന്നാക്ക, ദളിത്, ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ബിജെപി സർക്കാർ ഒന്നും നൽകിയിട്ടില്ലെന്നും അതിനാല്‍ തന്നെ ഈ വിഭാഗങ്ങളിലുള്ളവര്‍ ഭരണത്തെ വെറുക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.