India
BJP will win only one seat in UP Akhilesh Yadav
India

യു.പിയിൽ ബിജെപിക്ക് ഒറ്റ സീറ്റേ കിട്ടൂ; വാക്സിൻ ജനങ്ങൾക്ക് ഭീഷണി: അഖിലേഷ് യാദവ്

Web Desk
|
21 May 2024 4:06 PM GMT

തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ ‘ഇക്കുറി 400 സീറ്റ്’ എന്നതായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. ഇപ്പോൾ ജനങ്ങൾ ‘400 തോൽവി’ എന്നാണ് അവരോട് പറയുന്നത്- അദ്ദേഹം വ്യക്തമാക്കി.

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് ഇക്കുറി ഒറ്റ സീറ്റ് മാത്രമേ ലഭിക്കൂവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വാരണാസിയല്ലാതെ മറ്റൊരു സീറ്റിലും അവർ വിജയിക്കില്ല. ഇൻഡ്യ മുന്നണിക്ക് യു.പിയിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലാൽ​ഗഞ്ച് എസ്.പി സ്ഥാനാർഥി ദരോ​ഗ പ്രസാദ് സരോജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഇത്തവണ ബിജെപി എന്ത് തന്ത്രം പയറ്റിയാലും അവരെ തുടച്ചുനീക്കാൻ യു.പിയിലെ ജനങ്ങൾ മനസുവച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയെ 'ക്യോട്ടോ' എന്ന് വിശേഷിപ്പിച്ച അഖിലേഷ്, 'ഇപ്പോൾ വരുന്ന കണക്കുകളിലും വിവരങ്ങളിലും ബിജെപി ഒരു സീറ്റിൽ മാത്രമാണ് മത്സരിക്കുന്നത്, അതായത് ക്യോട്ടോ. ബാക്കി എല്ലാ സീറ്റുകളിലും ബിജെപി തോൽക്കും' എന്നും ചൂണ്ടിക്കാട്ടി.

ജപ്പാനിലെ 'ക്യോട്ടോ' പോലെ വാരണാസിയെ വിനോദസഞ്ചാരത്തിന് പേരുകേട്ട നഗരമാക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അഖിലേഷിന്റെ വിശേഷണം. ''തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ ‘ഇക്കുറി 400 സീറ്റ്’ എന്നതായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. ഇപ്പോൾ ജനങ്ങൾ ‘400 തോൽവി’ എന്നാണ് അവരോട് പറയുന്നത്. ബിജെപിക്ക് 140 സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യയിലെ 140 കോടി ജനങ്ങൾ ഉറപ്പുവരുത്തും''.

‘'നിങ്ങൾ ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ കേട്ടിരിക്കണം. പഴയ കഥ തന്നെയാണ് അവർ പറയുന്നത്. ആരും അവരെ ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നില്ല. പിന്നാക്ക- ദലിത്- ന്യൂനപക്ഷ കുടുംബങ്ങൾ എൻഡിഎയെ പരാജയപ്പെടുത്തും''- അഖിലേഷ് പറഞ്ഞു. ബിജെപി കള്ളം പറയുകയാണെന്നും അവരുടെ എല്ലാ വാഗ്ദാനങ്ങളും പാഴ്‌വാക്കുകളാണെന്നും അഖിലേഷ് ആരോപിച്ചു.

കോവിഡ് വാക്‌സിൻ സംബന്ധിച്ചും അഖിലേഷ് ബിജെപിയെ കടന്നാക്രമിച്ചു. ''വാക്‌സിൻ ജനങ്ങളുടെ ജീവന് ഭീഷണിയാണ്. നമുക്ക് വാക്സിൻ നൽകിയ കമ്പനികളിൽ നിന്ന് ബിജെപി കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയത്’'- അദ്ദേഹം കൂട്ടിച്ചേർത്തു. ലാൽഗഞ്ച് മണ്ഡലത്തിൽ മേയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.

പരിപാടിയിലേക്ക് അഖിലേഷ് എത്തിയതോടെ വൻ തിക്കും തിരക്കുമുണ്ടാവുകയും ലാത്തിച്ചാർജിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ബാരിക്കേഡുകള്‍ മറികടന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേഷിന്റെ അരികിലേക്ക് അടുത്തു. സമാധാനമായിരിക്കാൻ നേതാക്കൾ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.



Similar Posts