ഉപതെരഞ്ഞെടുപ്പ്: ഏഴില്‍ നാല് സീറ്റില്‍ ബി.ജെ.പി, ഓരോ സീറ്റില്‍ വിജയിച്ച് ആർ.ജെ.ഡിയും ഉദ്ധവ് പക്ഷവും ടി.ആർ.എസും
|ഉത്തർപ്രദേശിലെ ഗോള ഗോരഖ്നാഥിലും ഒഡിഷയിലെ ദാം നഗറിലും ബി.ജെ.പിയുടെ വിജയത്തിന് എതിർ സ്ഥാനാർഥികൾ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം. മൂന്ന് സിറ്റിങ് സീറ്റുകൾക്ക് ഒപ്പം കോൺഗ്രസിന്റെ അദംപൂരും ബി.ജെ.പി പിടിച്ചെടുത്തു. ആർ.ജെ.ഡി, ശിവസേന, ടി.ആർ.എസ് എന്നീ പാർട്ടികൾ ഓരോ സീറ്റുകളിൽ വിജയിച്ചു.
സഖ്യ സർക്കാരിൽ നിന്ന് പുറത്തായ ശേഷം ബിഹാറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിർണായകമായിരുന്നു. ആദ്യ റൗണ്ടുകളിൽ ഗോപാൽ ഗഞ്ച് മണ്ഡലത്തിൽ ആർ.ജെ.ഡിക്കായിരുന്നു ലീഡ്. എന്നാൽ അന്തിമ ഫലം വന്നപ്പോൾ ബി.ജെ.പിയുടെ കുസും ദേവി 1794 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിഹാറിലെ തന്നെ മോകോമ മണ്ഡലം 16741 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആർ.ജെ.ഡി നിലനിർത്തിയത്.
ഹരിയാനയിലെ അദംപൂരിൽ കോൺഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്‌നോയ് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പിന്നിലാക്കി ബി.ജെ.പി സ്ഥാനാർഥിയും കുൽദീപ് ബിഷ്‌നോയിയുടെ മകനുമായ ഭവ്യ ബിഷ്നോയ്, 15740 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഉത്തർപ്രദേശിലെ ഗോള ഗോരഖ്നാഥിലും ഒഡിഷയിലെ ദാം നഗറിലും ബി.ജെ.പിയുടെ വിജയത്തിന് എതിർ സ്ഥാനാർഥികൾ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയിട്ടില്ല. കാര്യമായ എതിരാളികൾ ഇല്ലാത്തതിനാൽ സിറ്റിങ് സീറ്റായ മഹാരാഷ്ട്രയിലെ ഈസ്റ്റ് അന്ധേരിയിൽ 64959 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ വിജയം.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തെലങ്കാനയിൽ അവസാന റൗണ്ടുകളിൽ ലീഡ് ഉയർത്തിയാണ് ബി.ജെ.പിയെ തോൽപ്പിച്ച് മുനുഗോഡെ നിയമസഭാ സീറ്റ് ടി.ആർ.എസ് നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ടി.ആര്‍.എസിന്‍റെ പ്രഭാകര്‍ റെഡ്ഡി പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ കൊമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡിയെ ആണ് തോല്‍പ്പിച്ചത്.