അരുണാചലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം; ബി.ജെ.പിക്ക് ഭരണത്തുടർച്ച
|കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക് ഭരണത്തുടർച്ച. ആകെയുള്ള 60 സീറ്റിൽ 44ലും ബി.ജെ.പി വിജയിച്ചു. രണ്ടിടത്ത് ബി.ജെ.പി സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. അഞ്ച് സീറ്റുകൾ നാഷണൽ പീപ്പിൾസ് പാർട്ടി നേടി. എൻ.സി.പി, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ എന്നിവ രണ്ട് സീറ്റ് വീതം നേടി. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
എതിരാളികളില്ലാത്തതിനാൽ 10 സീറ്റുകളിൽ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. മറ്റാരും പത്രിക സമർപ്പിക്കാത്തതിനെ തുടർന്ന് നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ മേയിൻ തുടങ്ങിയവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ തലത്തിൽ എൻ.ഡി.എ സഖ്യകക്ഷിയായ എൻ.പി.സി നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ചാണ് മത്സരിച്ചത്.
നിയമസഭയുടെ കാലാവധി ഇന്ന് പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ നേരത്തെ നടത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. ദീർഘകാലം കോൺഗ്രസിന് മേൽക്കയ്യുണ്ടായിരുന്ന സംസ്ഥാനമാണ് അരുണാചൽപ്രദേശ്. എന്നാൽ 2016ൽ അന്ന് കോൺഗ്രസിലായിരുന്ന പേമ ഖണ്ഡു അടക്കം പാർട്ടിയുടെ 43 എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂടുമാറി. ഇതോടെയാണ് സംസ്ഥാനത്ത് ബി.ജെ.പി വേരുറപ്പിക്കുകയും കോൺഗ്രസിന് തിരിച്ചടി നേരിടാനും തുടങ്ങിയത്.