India
BJP Women leader arrested for Extorting Money by offering govt jobs
India

സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടി; അസമിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ

Web Desk
|
26 May 2023 1:09 PM GMT

നേതാവ് നടത്തിയ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറായിട്ടില്ല.

​ഗുവാഹത്തി: സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് നിരവധി പേരിൽ കോടികൾ തട്ടിയ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ. അസമിലെ കർബി ആങ്ലോ​ങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി മൂൺ ഇംഗ്‌ടിപിയാണ് പിടിയിലായത്. വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരിൽ നിന്നായി ഒമ്പതു കോടിയിലധികം രൂപ മൂൺ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇരകളിൽ നിന്നും ലഭിക്കുന്ന വിവരം.

വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇവർ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തത്. അറസ്റ്റിന് പിന്നാലെ മൂണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു. എന്നാൽ ഇവർ നടത്തിയ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറായിട്ടില്ല.

'തട്ടിപ്പിന്റെ കൃത്യമായ തെളിവുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. കേസിൽ തുടരന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും മൊഴിയെടുക്കുകയും ചെയ്യും'- കർബി ആങ്ലോങ് ജില്ലാ എഎസ്പി (ക്രൈം) നയൻ ബർമൻ പറഞ്ഞു.

കർബി ആങ്ലോ​ങ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് അംഗം തുലിറാം റോങ്‌ഹാങ് മുതൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വരെയുള്ള ബിജെപിയുടെ പ്രമുഖ നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്ന് മൂൺ ഇംഗ്‌ടിപി അവകാശപ്പെട്ടിരുന്നു.

പണം വാങ്ങിയെങ്കിലും അവർ വാഗ്ദാനം ചെയ്ത ജോലികൾക്കുള്ള നിയമന കത്തുകൾ ലഭിച്ചില്ലെന്ന് പൊലീസിൽ പരാതി നൽകിയ ആളുകൾ പറഞ്ഞു. പറ്റിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടതിനു പിന്നാലെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Similar Posts