India
ആദംപൂര്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത് ബി.ജെ.പി
India

ആദംപൂര്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത് ബി.ജെ.പി

Web Desk
|
6 Nov 2022 9:42 AM GMT

മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ കുടുംബം 1968 മുതല്‍ കൈവശം വെച്ചിരിക്കുന്ന മണ്ഡലമാണിത്.

ഹരിയാനയിലെ ആദംപൂര്‍ മണ്ഡലം ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. ബി.ജെ.പിയുടെ ഭവ്യ ബിഷ്‌ണോയി ആണ് വിജയിച്ചത്. 16,000ലേറെ വോട്ടുകള്‍ക്കാണ് വിജയം. കോണ്‍ഗ്രസിലെ ജയ് പ്രകാശിനെയാണ് തോല്‍പ്പിച്ചത്.

ഭവ്യ ബിഷ്‌ണോയിയുടെ പിതാവ് കുല്‍ദീപ് ബിഷ്‌ണോയ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതോടെയാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ കുടുംബം 1968 മുതല്‍ കൈവശം വെച്ചിരിക്കുന്ന മണ്ഡലമാണിത്. രാഷ്ട്രീയ പാര്‍ട്ടി മാറിയത് വോട്ടര്‍മാരെ സ്വാധീനിച്ചില്ല. ഇത്തവണയും മണ്ഡലം ഭജന്‍ ലാലിന്റെ കുടുംബത്തിനൊപ്പം നിന്നു. 29കാരനായ ഭവ്യ ബിഷ്‌ണോയ് ഭജന്‍ ലാലിന്റെ കൊച്ചുമകനാണ്.

രണ്ട് തവണ എം.പിയും നാലു തവണ എം.എല്‍.എയുമായ കുല്‍ദീപ് ബിഷ്‌ണോയി ആഗസ്തിലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. 2019ല്‍ ബി.ജെ.പിയും ജെ.ജെ.പിയും തമ്മില്‍ സഖ്യത്തിലായ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് വിജയമാണിത്.

"ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളുടെയും മുഖ്യമന്ത്രി ഖട്ടറിന്റെ പ്രവർത്തനങ്ങളുടെയും ചൗധരി ഭജൻ ലാൽ കുടുംബത്തിന്മേലുള്ള ആദംപൂരിന്റെ വിശ്വാസത്തിന്റെയും വിജയമാണ്. ഞാൻ നന്ദി പറയുന്നു. ആദംപൂരിലെ ജനങ്ങൾ ഒരിക്കൽ കൂടി ഞങ്ങളെ വിശ്വസിച്ചു"- എന്നാണ് കുല്‍ദീപ് ബിഷ്‌ണോയിയുടെ പ്രതികരണം.

ബിഹാറില്‍ ലാലു പ്രസാദിന്റെ തട്ടകമായ ഗോപാൽഗഞ്ചില്‍ ബി.ജെ.പി സ്ഥാനാർഥി കുസുമം ദേവി വിജയിച്ചു. 1800ഓളം വോട്ടുകൾക്കാണ് വിജയം. ഗോപാൽഗഞ്ചിലെ മുൻ എം.എൽ.എ സുഭാഷ് സിംഗിന്റെ ഭാര്യയാണ് വിജയിച്ച കുസുമം ദേവി. ആർ.ജെ.ഡിയുടെ മോഹൻ പ്രസാദ് ഗുപ്തയാണ് പരാജയപ്പെട്ടത്. ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, സി.പി.ഐ.എം.എൽ, എച്ച്.എ.എം എന്നീ പാർട്ടികൾ സഖ്യമായാണ് മത്സരത്തെ നേരിട്ടത്. എന്നാൽ വിജയം കണ്ടെത്താനായില്ല. ഉവൈസിയുടെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദിൽ മുസ്‌ലിമീനും മായാവതിയുടെ ബിഎസ്പിയും മണ്ഡലത്തിൽ മത്സരിച്ചിരുന്നു. അതേസമയം ബിഹാറിലെ തന്നെ മൊകാമ മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദളിന്റെ നീലംദേവി വമ്പൻ വിജയം നേടി. ബി.ജെ.പി സ്ഥാനാർഥി സോനം ദേവിയെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

Related Tags :
Similar Posts