വലിയിടത്ത് തോറ്റപ്പോൾ ചെറിയിടങ്ങളിൽ വിജയിച്ച ബിജെപി
|ബിജെപിയെ തുണച്ചതും കൈവിട്ടതുമായ സംസ്ഥാനങ്ങളുടെ സമഗ്ര വിശകലനം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന കണക്കുകളും പുറത്തുവന്നപ്പോൾ പ്രതീക്ഷിക്കാത്ത താഴ്ച്ചയിലേക്ക് കാലിടറി വീണിരിക്കുകയാണ് ബിജെപി. എൻഡിഎ മുന്നണിക്ക് 400ൽ കൂടുതൽ സീറ്റുകൾ എന്ന ലക്ഷ്യം കാണാനായില്ല എന്ന് മാത്രമല്ല കാവിക്കോട്ടകൾ പോലും അവരെ കൈവിട്ടുകളയുകയും ചെയ്തു.
അടിപതറിയെങ്കിലും കേന്ദ്രത്തിൽ മൂന്നാം തവണയും എൻഡിഎ സർക്കാരിനെ നയിക്കാൻ ഒരുങ്ങുന്ന ബിജെപി, ഉത്തർപ്രദേശ് ഉൾപ്പെടെ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ പ്രധാന സ്ഥാനം നഷ്ടപ്പെടുത്തുകയും ചിലത് നിലനിർത്തുകയും ചെയ്തു. ഇക്കുറി ബിജെപിയെ കൈവിട്ടത് ഉത്തർപ്രദേശ്‌പ്പോലുള്ള വലിയ സംസ്ഥാനങ്ങളും, തുണച്ചത് ഡൽഹിപ്പോലുള്ള ചെറിയ സംസ്ഥാനങ്ങളുമാണ്.
കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് അധികം വേണമെന്നിരിക്കെ ഘടകകക്ഷികളെ കൂടാതെ തനിച്ച് നിൽക്കാൻ അവർക്ക് കഴിയില്ല. ഇതിന് കാരണമായത് ഏതൊക്കെ സംസ്ഥാനങ്ങളാണെന്നും അവർക്ക് പിന്തുണ നൽകിയ സംസ്ഥാനങ്ങൾ ഏതൊക്കെയെന്നും പരിശോധിക്കാം.
543 അംഗ ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിന് 272 സീറ്റ് വേണമെന്നിരിക്കെ ബിജെപിക്ക് ലഭിച്ചത് ആകെ 240 സീറ്റുകൾ.
ബിജെപിയെ കൈവിട്ട സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ്: ആകെ 80 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 33 സീറ്റുകളിലേക്ക് ചുരുങ്ങി. 2019ൽ 62 സീറ്റ് നേടിയിടത്ത് ഇക്കുറി 29 സീറ്റുകളുടെ നഷ്ടമാണ് നേതൃത്വത്തിനുണ്ടായത്.
ഹരിയാന: 2019 ൽ പത്ത് സീറ്റും നേടിയ ബിജെപിക്ക് പകുതി സീറ്റും നഷ്ടമായതോടെ അഞ്ചിലേക്ക് ചുരുങ്ങി.
രാജസ്ഥാൻ: നഷ്ടം സംഭവിച്ച സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതാണ് രാജസ്ഥാൻ. ആകെയുള്ള 25 സീറ്റുകളിൽ ഒറ്റയടിക്ക് നഷ്ടമായത് 11 സീറ്റുകളാണ്. ഇവിടെ വെറും 14 ഇടത്തുമാത്രമാണ് അവർക്ക് വിജയിക്കാനായത്.
പശ്ചിമ ബംഗാൾ: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ബിജെപി പൗരത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിതരണം ചെയ്‌തെങ്കിലും ബംഗാൾ അവരുടെ ദീദിക്കൊപ്പം നിന്നു. 42 സീറ്റുകളിൽ ബിജെപി 12 ൽ ഒതുങ്ങിയതോടെ നഷ്ടം 12 സീറ്റുകൾ.
മഹാരാഷ്ട്ര: ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയ മറ്റൊരു പ്രാധാന സംസ്ഥാനം. 2019 ൽ 23 സീറ്റുകൾ നേടിയിടത്ത് ഇത്തവണ ലഭിച്ചത് വെറും 14 സീറ്റുകൾ മാത്രം. 9 സീറ്റുകളുടെ നഷ്ടം ഇവിടെ മാത്രം സംഭവിച്ചു.
ബിഹാർ: അഞ്ചു സീറ്റുകളുടെ നഷ്ടത്തിൽ 12 സീറ്റുകളിലേക്ക് കൂപ്പുക്കുത്തി.
കർണാടക: 2019ൽ 25 സീറ്റുകളിൽ വിജയിച്ചെങ്കിലും ഇത്തവണ 17 സീറ്റ് മാത്രം നേടാനായതോടെ ഇവിടെയും തിരിച്ചടിയാണ് നേരിട്ടത്.
ചണ്ഡീഗഡ്: ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെടുത്തി. ബിജെപിയുടെ സിറ്റിങ് സീറ്റ് ഇത്തവണ കോൺഗ്രസ് പിടിച്ചെടുത്തു.
ചെറുതെങ്കിലും ബിജെപിയെ തുണച്ചവർ
ഒഡീഷ: 2019ൽ നേടിയ 8 സീറ്റുകളിൽ നിന്നും നില മെച്ചപ്പെടുത്തി ഇത്തവണ 19 എണ്ണത്തിൽ വിജയിക്കാനായി. 11 സീറ്റുകളുടെ അധിക നേട്ടമാണ് ഒഡീഷ ബിജെപിക്ക് നൽകിയത്.
തെലങ്കാന: നാലിടത്ത് അധികം നേടിയതോടെ നേട്ടം 8 ആക്കി ഉയർത്തി.
കേരളം: ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ഒരു സീറ്റിൽ വിജയിച്ചു.
ആന്ധ്രപ്രദേശ്: 2019ലെ വട്ട പൂജ്യത്തിൽ നിന്ന് ഇത്തവണ 3 സീറ്റകളാണ് ബിജെപി ഇവിടെ നേടിയത്.
ഡൽഹി, ഹമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്,എന്നിവിടങ്ങളിൽ തൂത്തുവാരിയ അവർ ഗുജറാത്തിലും ചത്തീസ്ഗഡിലും ഒരു സീറ്റ് മാത്രമാണ് നഷ്ടപ്പെടുത്തിയത്.