കേംബ്രിഡ്ജ് പ്രസംഗം: മാപ്പ് പറയാതെ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി
|ലണ്ടനിൽ താൻ നടത്തിയ പ്രസംഗത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പാർലമെന്റിൽ മറുപടി പറയാൻ അനുവദിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.
ന്യൂഡൽഹി:വിദേശ മണ്ണിൽ ഇന്ത്യൻ ജനാധിപത്യത്തെ അപമാനിച്ചതിന് മാപ്പ് പറയാതെ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി. തുടർച്ചയായ രണ്ടാം ദിവസവും ബഹളം മൂലം പാർലമെന്റ് വേഗത്തിൽ പിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയത്.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ രാജ്യത്തെ അപമാനിച്ചുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് ജോയിന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ബഹളം ശക്തമായതോടെ പാർലമെന്റിനകത്ത് ഓഡിയോ ഓഫ് ചെയ്തു. പ്രതിപക്ഷ അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് അംഗങ്ങൾ ഇന്നും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തി.
''നേരത്തെ സ്ഥിരമായി മൈക്ക് ഓഫ് ചെയ്യുമായിരുന്നു. ഇന്ന് പാർലമെന്റ് നടപടിക്രമങ്ങൾ തന്നെ നിശബ്ദമാക്കി. മോദിയുടെ സുഹൃത്തിന് വേണ്ടിയാണ് സഭയെ നിശബ്ദമാക്കിയത്''-കോൺഗ്രസ് ട്വീറ്റ് ചെയ്തു.
पहले माइक ऑफ होता था, आज सदन की कार्यवाही ही म्यूट करा दी।
— Congress (@INCIndia) March 17, 2023
PM मोदी के मित्र के लिए सदन म्यूट है 🔇 pic.twitter.com/EcUpCnIR3E
ലണ്ടനിൽ താൻ നടത്തിയ പ്രസംഗത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പാർലമെന്റിൽ മറുപടി പറയാൻ അനുവദിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. എന്നാൽ മാപ്പ് പറയാതെ വിശദീകരണം വേണ്ടെന്നാണ് ബി.ജെ.പി നിലപാട്.