കരുണാനിധിക്കും എം.കെ സ്റ്റാലിനും എതിരെ അപകീർത്തി പോസ്റ്റ്; ബിജെപി പ്രവർത്തക അറസ്റ്റിൽ
|അടുത്തിടെ ഉമാ ഗാർഗിയെ മികച്ച സോഷ്യൽമീഡിയ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആദരിച്ചിരുന്നു.
കോയമ്പത്തൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിക്കും എം.കെ സ്റ്റാലിനും എതിരെ അപകീർത്തി പോസ്റ്റിട്ടതിന് ബിജെപി പ്രവർത്തക അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശിനിയായ ഉമാ ഗാർഗിയെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിഎംകെ ഐ.ടി വിങ് കോഡിനേറ്റർ ഹരീഷ് നൽകിയ പരാതിയിലാണ് നടപടി.
ഇവരെ കൂടാതെ സാമൂഹിക പരിഷ്കർത്താവ് പെരിയാറിനെതിരെയും ഗാർഗി അധിക്ഷേപ പോസ്റ്റിട്ടിരുന്നു. പെരിയാർ, എം. കരുണാനിധി, എം.കെ സ്റ്റാലിൻ എന്നിവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ട്വീറ്റുകൾ പൊതുജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കാൻ പോസ്റ്റ് ചെയ്തതാണെന്ന് ഹരീഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഉമാ ഗാർഗിക്കെതിരെ ഐപിസി വകുപ്പ് 505 (1) (സി) (വംശീയമോ മത- ജാതി- സാമുദായിക അധിഷ്ഠിതമോ ആയ ശത്രുതയും വെറുപ്പും വളർത്തിയേക്കാവുന്ന കിംവദന്തികളോ പ്രസ്താവനയോ പ്രചരിപ്പിക്കുക) എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അടുത്തിടെ കോയമ്പത്തൂരിൽ നടന്ന ഒരു പരിപാടിയിൽ പ്രതിയായ ഉമാ ഗാർഗിയെ മികച്ച സോഷ്യൽമീഡിയ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആദരിച്ചിരുന്നു.
അതേസമയം, ഗാർഗിയുടെ അറസ്റ്റിനെ അപലപിച്ച ബിജെപി, നടപടി ഡിഎംകെയുടെ ഭീരുത്വം വിളിച്ചറിയിക്കുന്നതാണെന്നും ആരോപിച്ചു. ഇത് കേന്ദ്രവും കോടതിയും നിരീക്ഷിക്കുന്നുണ്ടെന്ന് ബിജെപിയുടെ കോയമ്പത്തൂർ ജില്ലാ മേധാവി ബാലാജി ഉത്തമ രാമസാമി മുന്നറിയിപ്പ് നൽകി. ഗാർഗിയുടെ പോസ്റ്റ് തീർത്തും ശരിയായിരുന്നെന്നും അദ്ദേഹം അഴിമതിക്കാരനായിരുന്നെന്നം ബാലാജി ആരോപിച്ചു.