ബി.ജെ.പി പ്രവർത്തക കൊല്ലപ്പെട്ടു; നന്ദിഗ്രാമിൽ സംഘർഷം
|തൃണമൂൽ പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
കൊൽക്കത്ത: ബി.ജെ.പി പ്രവർത്തക കൊല്ലപ്പെട്ടതിന് പിന്നാലെ നന്ദിഗ്രാമിൽ സംഘർഷം. ബി.ജെ.പി പ്രവർത്തകയായ രോതിബാല ആരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ടയർ കത്തിച്ചും മരങ്ങൾ മുറിച്ചിട്ടും റോഡ് തടസ്സപ്പെടുത്തിയ ബി.ജെ.പി പ്രവർത്തകർ തൃണമൂൽ കോൺഗ്രസ് അനുഭാവികളുടെ കടകൾ അഗ്നിക്കിരയാക്കി. തൃണമൂൽ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച സംസ്ഥാനത്ത് ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വ്യാപക അക്രമം അരങ്ങേറിയത്. കഴിഞ്ഞ ദിവസം രാത്രി തൃണമൂൽ പ്രവർത്തകർ നടത്തിയ അക്രമത്തിൽ തങ്ങളുടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായി ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
VIDEO | West Bengal: Several shops were torched by an angry mob in East Medinipur district's #Nandigram after a local woman BJP worker was killed. Heavy police deployment made in the area to control the situation.#BengalNews
— Press Trust of India (@PTI_News) May 23, 2024
(Full video available on PTI Videos -… pic.twitter.com/StsHX0AP8S
വനിതകൾ അടക്കമുള്ള ബി.ജെ.പി പ്രവർത്തകർ ബുധനാഴ്ച രാത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ ബൈക്കുകളിൽ ആയുധവുമായെത്തിയ അജ്ഞാതരാണ് ആക്രമണം നടത്തിയതെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. കൊല്ലപ്പെട്ട രോതിബാലയുടെ മകനും പരിക്കേറ്റിട്ടുണ്ട്.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രകോപനപരമായ പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പരാജയപ്പെട്ടതിന് മമത പകപോക്കുകയാണെന്നും തൃണമൂൽ പ്രവർത്തകർ ബി.ജെ.പിക്കാർക്ക് നേരെ സംഘം ചേർന്ന് അക്രമം അഴിച്ചുവിടുകയാണെന്നും മാളവ്യ ആരോപിച്ചു.