അയോധ്യ രാമക്ഷേത്രത്തിലേക്ക് പ്രവർത്തകരെ എത്തിക്കാനൊരുങ്ങി ബി.ജെ.പി
|പരിപാടികൾക്ക് പുറമെയാണ് പാർട്ടി പ്രവർത്തകരെ അയോധ്യയിൽ എത്തിക്കാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്
ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് പ്രവർത്തകരെ എത്തിക്കാൻ ഒരുങ്ങി ബി.ജെ.പി. രാജ്യത്തെ ബൂത്ത് തലം മുതൽ അയോധ്യയിലെത്തുന്ന മുഴുവൻ പ്രവർത്തകർക്കും ഉത്തർപ്രദേശ് പാർട്ടി ഘടകം മതിയായ സൗകര്യങ്ങൾ ഒരുക്കും. വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചരണ പരിപാടികൾക്ക് പുറമെയാണ് പാർട്ടി പ്രവർത്തകരെ അയോധ്യയിൽ എത്തിക്കാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.
ജനകോടികളുടെ വിശ്വാസ വിഷയം എന്ന പ്രതീതി സൃഷ്ടിച്ചാണ് അയോധ്യ രാമക്ഷേത്ര നിർമ്മാണം ബി.ജെ.പി തങ്ങളുടെ അക്കൗണ്ടിൽ ആക്കുന്നത്. 60 ദിവസങ്ങൾ കൊണ്ട് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും ബൂത്ത് തലം മുതലുള്ള പ്രവർത്തകർ അയോധ്യയിലെത്തി ദർശനം നടത്തണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്നത്. ഇതിനായി ആവശ്യമുള്ള ട്രെയിൻ സർവീസുകൾ ഉറപ്പുവരുത്തണമെന്ന് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്ത റെയിൽവേ മന്ത്രിക്ക് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ നിർദ്ദേശം നൽകി.
സ്വന്തം ചെലവിലാണ് പ്രവർത്തകർ അയോധ്യയിലെത്തേണ്ടത് എങ്കിലും ടിക്കറ്റ് റിസർവേഷൻ ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകാൻ പാർട്ടി കീഴ് ഘടകങ്ങൾക്കും നിർദ്ദേശമുണ്ട്. അയോധ്യയിലെത്തുന്ന പ്രവർത്തകർക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കാനുള്ള ചുമതല ഉത്തർപ്രദേശ് ബി.ജെ.പി നേതൃത്വത്തിനാണ്. രാജ്യത്തെ വീടുകൾതോറും കയറിയിറങ്ങി അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പ്രചാരണം നടത്താൻ ഇതിനോടകം പാർട്ടിപ്രവർത്തകർക്ക് ബി.ജെ.പി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ തുറുപ്പുചീട്ടാക്കാൻ ഒരുങ്ങുന്ന ബി.ജെ.പി രാമക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർ പാർട്ടി പതാകകൾ കൊണ്ടുവരരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.