ഇസ്കോണ്‍ കൊടുംവഞ്ചകര്‍; പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്ന് മനേക ഗാന്ധി
|ഗോശാലകള്‍ നടത്തുകയും സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു
ഡല്‍ഹി: പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്‍റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ആരോപണവുമായി ബി.ജെ.പി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഇസ്‌കോണ്‍ കൊടും വഞ്ചകരാണെന്നും അവരുടെ ഗോശാലയില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും അവര്‍ വീഡിയോയില്‍ ആരോപിച്ചു.
'രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നടത്തുകയും സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവ വറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ല. അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണ്. ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. ഇതൊക്കെ ചെയ്തിട്ട് അവര്‍ 'ഹരേ റാം ഹരേ കൃഷ്ണ' എന്ന് വഴിതോറും പാടി നടക്കുന്നു. എന്നിട്ട് അവര്‍ പറയുന്നു അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല'- മനേക ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇതിനെതിരെ രംഗത്തുവന്ന ഇസ്‌കോണ്‍ മുന്‍ കേന്ദ്രമന്ത്രിയുടെ ആരോപണങ്ങള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും പറഞ്ഞു. ഗോമാംസം മുഖ്യാഹാരമായ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പശു സംരക്ഷണത്തിന് ഇസ്‌കോൺ തുടക്കമിട്ടിട്ടുണ്ടെന്ന് ഇസ്‌കോൺ ദേശീയ വക്താവ് യുധിഷ്ഠിർ ഗോവിന്ദ ദാസ് പ്രസ്താവനയിൽ പറഞ്ഞു. ഉപേക്ഷിക്കപ്പെടുകയോ കശാപ്പുശാലകളില്‍ നിന്നും രക്ഷപ്പെടുത്തുകയോ ചെയ്ത പശുക്കളാണ് ഇസ്കോണിന്‍റെ ഗോശാലയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനേക ഗാന്ധിയുടെ പരാമര്‍ശങ്ങളെ അപലപിച്ചുകൊണ്ടും തെളിവ് ആവശ്യപ്പെട്ടും ഇസ്‌കോൺ പിആര്‍ഒ രാധാരാമന്‍ ദാസ് വീഡിയോ പുറത്തിറക്കുകയും ചെയ്തു. മനേക അനന്ത്പൂരിലെ ഗോശാല സന്ദര്‍ശിച്ചിട്ടില്ലെന്നും വീഡിയോയില്‍ പറയുന്നു.