കാശിക്ക് പിന്നാലെ അയോധ്യ; മന്ദിർ രാഷ്ട്രീയം പൊടി തട്ടിയെടുത്ത് ബിജെപി
|നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ ഒരിക്കൽ കൂടി മന്ദിർ രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ബിജെപി
ന്യൂഡൽഹി: കാശിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷോയ്ക്ക് പിന്നാലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ അയോധ്യയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പിൽനിൽക്കെ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉൾപ്പെടെ നിരവധി നേതാക്കളാണ് ഇന്ന് അയോധ്യയിൽ നടക്കുന്ന മെഗാ ഷോയിൽ പങ്കെടുക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 12 മുഖ്യമന്ത്രിമാരും അയോധ്യയിലെത്തും.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, അസം, മണിപ്പൂർ, ത്രിപുര, ഗുജറാത്ത്, ഹരിയാന, ഗോവ, ബിഹാർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാർ അയോധ്യയിലെത്തിയിട്ടുണ്ട്. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഇവർ സന്ദർശനം നടത്തും. രാമക്ഷേത്ര നിർമാണവും നേരിട്ടു കാണും.
അയോധ്യയിൽ തകർക്കപ്പെട്ട പള്ളിയുടെ ഭൂമിയിൽ ക്ഷേത്രം പണിയണമെന്ന സുപ്രിംകോടതി ഉത്തരവിന് ശേഷം ആദ്യമായാണ് ജെപി നദ്ദ അയോധ്യയിലെത്തുന്നത്. കാശിയിലെ പ്രധാനമന്ത്രിയുടെ പരിപാടിക്കായാണ് നദ്ദ യുപിയിലെത്തിയത്. അവിടെ നിന്നാണ് ഇദ്ദേഹം അയോധ്യയിലേക്ക് തിരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ ഒരിക്കൽ കൂടി മന്ദിർ രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ബിജെപി. കാശിയിലെ പ്രധാനമന്ത്രിയുടെ പരിപാടി സംസ്ഥാനത്തുടനീളം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കാശിക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്ര നിർമാണവും വോട്ടാക്കാൻ ബിജെപി തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
2020 ആഗസ്ത് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്.