India
BJPs Nagaur candidate Jyoti Mirdha

ജ്യോതി മിര്‍ധ

India

നാഗൗർ ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിർധയുടെ ആസ്തി 126 കോടി, സ്വന്തമായി കാറില്ല

Web Desk
|
28 March 2024 2:36 AM GMT

ലൈസൻസുള്ള ഒരു തോക്കും പിസ്റ്റളും മിർധയുടെ പക്കലുണ്ട്

ജയ്പൂര്‍: രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥി ജ്യോതി മിർധയ്ക്ക് 126 കോടി രൂപയുടെ ആസ്തി. എന്നാൽ സ്വന്തമായി കാറില്ല.നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ കൊടുത്ത സത്യവാങ്മൂലത്തിലാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

ലൈസൻസുള്ള ഒരു തോക്കും പിസ്റ്റളും മിർധയുടെ പക്കലുണ്ട്. അവർക്ക് ജയ്പൂർ, ഗുരുഗ്രാം, മുംബൈ, നാഗൗർ എന്നിവിടങ്ങളിൽ പ്ലോട്ടുകളും ഫ്ലാറ്റുകളും കാർഷിക ഫാമുകളും ഉണ്ട്. ഇവരുടെ കൈവശം 1.70 ലക്ഷം രൂപ പണമായും ഭർത്താവിൻ്റെ പക്കൽ 1.40 ലക്ഷം രൂപയുമുണ്ട്. ജ്യോതി മിർധയുടെ ജംഗമ സ്വത്തുക്കൾ ഭർത്താവിനെക്കാൾ കുറവാണ്.ജ്യോതിക്ക് 4.23 കോടിയുടെ ജംഗമ ആസ്തിയും ഭർത്താവിന് 31.84 കോടി രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. കൂടാതെ സ്ഥാനാര്‍ഥിക്ക് 54.86 കോടി രൂപയുടെയും ഭര്‍ത്താവിന് 35.50 കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. ജ്യോതിക്ക് 16.59 കോടിയുടെ കടമുള്ളതായും ഭര്‍ത്താവില്‍ നിന്നും 19.83 കോടി രൂപ കടമായി വാങ്ങിയതായും സത്യവാങ്‍മൂലത്തില്‍ പറയുന്നു.

ഇവരുടെ മൂന്ന് അക്കൗണ്ടുകളിലായി 57.95 ലക്ഷം രൂപയും ഭർത്താവിൻ്റെ പേരിൽ സ്ഥിര നിക്ഷേപമായി 6.82 ലക്ഷം രൂപ ഉൾപ്പെടെ 36 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. സോവറിൻ ഗോൾഡ് ബോണ്ടുകളിലായി 1.98 കോടി രൂപയും ഓഹരികളിൽ 5.98 ലക്ഷം രൂപയും മിർധ നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ ഭർത്താവ് 4 കോടി രൂപ സ്വർണ ബോണ്ടുകളിലും 5.60 ലക്ഷം രൂപ ഓഹരികളിലുമായി നിക്ഷേപിച്ചിട്ടുണ്ട്. മിർധയുടെ കൈവശം 2.756 കിലോഗ്രാം സ്വർണാഭരണങ്ങളുണ്ട്. അതിൻ്റെ നിലവിലെ മൂല്യം 1.61 കോടി രൂപയാണ്. ഗുരുഗ്രാമിലെ (ഹരിയാന) റെയ്‌സിന ഗ്രാമത്തിൽ രണ്ട് ഏക്കർ ഭൂമിയും കനക് വൃന്ദാവനിൽ (ഉത്തർപ്രദേശ്) രണ്ട് പ്ലോട്ടുകളും ജ്യോതിക്കുണ്ട്. മുംബൈയില്‍ രണ്ട് ഫ്ലാറ്റുകൾ, ഗുരുഗ്രാമിലെ ഒരു പ്ലോട്ടും നാഗൗറിൽ (രാജസ്ഥാൻ) നാല് പ്ലോട്ടുകളുമുണ്ട്.

2023 ലാണ് ജ്യോതി മിര്‍ധ ബി.ജെ.പിയില്‍ ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി ഹനുമാന്‍ ബെനിവാളാണ് എതിര്‍ സ്ഥാനാര്‍ഥി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ആർഎൽപി സ്ഥാനാർഥിയായി ബേനിവാൾ നാഗൗറിൽ നിന്നും മത്സരിച്ചിരുന്നു.

Similar Posts