അനുമതിയില്ല; രാജസ്ഥാനിൽ അമിത് ഷാ നയിച്ച ബിജെപിയുടെ 'പരിവർത്തൻ സങ്കൽപ് യാത്ര' തടഞ്ഞ് പൊലീസ്
|പൊലീസ് നടപടിയെ തുടർന്ന് ബിജെപി നേതാക്കളും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി.
ജയ്പൂർ: രാജസ്ഥാനിൽ ബിജെപിയുടെ 'പരിവർത്തൻ സങ്കൽപ് യാത്ര' തടഞ്ഞ് പൊലീസ്. ഗംഗാപൂർ സിറ്റിയിൽ യാത്ര എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ 200 മണ്ഡലങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിൽ നാല് 'പരിവർത്തൻ സങ്കൽപ് യാത്ര'കളാണ് ബിജെപി നടത്തുന്നത്.
ഇതിൽ ഞായറാഴ്ച ആരംഭിച്ച രണ്ടാമത്തെ യാത്രയാണ് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ യാത്ര. നഗരപരിധിക്കുള്ളിൽ ജാഥ നടത്താൻ ബിജെപിക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് നടപടിയെ തുടർന്ന് ബിജെപി നേതാക്കളും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി.
യാത്രയ്ക്ക് അനുമതിക്കായി അധികൃതർക്ക് രേഖാമൂലം അനുമതി നൽകിയിരുന്നതായി ബിജെപി നേതാക്കൾ പറയുന്നു. പൊലീസ് നടപടിക്കെതിരെ രാജസ്ഥാൻ മുൻ ബിജെപി അധ്യക്ഷൻ അരുൺ ചതുർവേദി, എംപി സുഖ്ബീർ സിങ്, എംഎൽഎ ജിതേന്ദ്ര ഗോത്വാൾ എന്നിവരുൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളും പ്രവർത്തകരും ധർണ നടത്തി.
ഉദയ്പൂർ, കോട്ട ഡിവിഷനുകളിലെയും ഭിൽവാര ജില്ലയിലെയും 52 മണ്ഡലങ്ങളിൽ 19 ദിവസം സഞ്ചരിക്കുകയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടാം യാത്രയുടെ ലക്ഷ്യം. ശനിയാഴ്ച രൺതംബോറിലെ ത്രിനേത്ര ഗണേശ ക്ഷേത്രത്തിൽ നിന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് ആദ്യ യാത്ര ആരംഭിച്ചത്.
മൂന്നാം യാത്ര തിങ്കളാഴ്ച ജയ്സാൽമീറിലെ രാംദേവ്രയിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ആരംഭിക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച ഹനുമാൻഗറിലെ ഗോഗമെഡിയിൽ നിന്ന് നാലാമത്തെ യാത്രയും ആരംഭിക്കും.
മോട്ടോർ സൈക്കിൾ റാലികൾ, കർഷകർ, ദളിതർ, സ്ത്രീകൾ എന്നിവരുടെ യോഗങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളും യാത്രയുടെ ഭാഗമായി സംഘടിപ്പിക്കും. 200 സീറ്റുകളുള്ള രാജസ്ഥാൻ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഈ വർഷം അവസാനത്തോടെ നടക്കും.