ഒടുവില്‍ കോടതിയില്‍ ഹാജരായി; ഇനി ആശുപത്രിയിലേക്കെന്ന് പ്രഗ്യ സിങ് താക്കൂര്‍
|എത്ര നാൾ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുമെന്ന് പ്രഗ്യ കോടതിയില്‍
2008ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യ താക്കൂർ ഒടുവിൽ കോടതിയില്‍ ഹാജരായി. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് ഹാജരായത്. കോടതിയിൽ ഹാജരായ പ്രഗ്യ, ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞു. കോകിലാബെൻ ആശുപത്രിയിൽ പോകണമെന്നാണ് പ്രഗ്യ കോടതിയില്‍ പറഞ്ഞത്.
ആരോഗ്യ സ്ഥിതി തൃപ്തികരമാണോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ വിമാനത്താവളത്തിൽ നിന്നും വരുന്ന വഴിയാണെന്നും കോടതിയിൽ നിന്നും ആശുപത്രിയിലേക്ക് പോകുമെന്നും മറുപടി നൽകി. എത്ര നാൾ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുമെന്നും പ്രഗ്യ കോടതിയില്‍ പറഞ്ഞു. ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി പ്രഗ്യക്ക് നിര്‍ദേശം നല്കി.
മലേഗാവ് സ്ഫോടനക്കേസിൽ 9 വര്‍ഷം പ്രഗ്യ താക്കൂര്‍ ജയിലിലായിരുന്നു. ആരോഗ്യനില മോശമാണെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. 2017ലാണ് ജാമ്യം ലഭിച്ചത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് പ്രഗ്യ ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. 2008ലെ മലേഗാവ് സ്ഫോടനത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. 100 പേര്‍ക്ക് പരിക്കേറ്റു.
ആരോഗ്യനില മോശമാണെന്ന് പറഞ്ഞ് ജാമ്യം നേടിയതിനുശേഷം ബാസ്കറ്റ് ബോളും കബഡിയും കളിക്കുന്ന, നൃത്തം ചെയ്യുന്ന പ്രഗ്യയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തന്റെ വീട്ടിലേക്ക് ആരോഗ്യപ്രവർത്തകരെ വിളിച്ചുവരുത്തി കോവിഡ് വാക്സിന് എടുത്തതും വിവാദമായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ പറയുമ്പോള്‍ മാത്രമാണ് പ്രഗ്യക്ക് ആരോഗ്യപ്രശ്നങ്ങളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുകയുണ്ടായി.