'ശക്തമായ സര്‍ക്കാരില്‍ നിന്ന് ശക്തമായ നടപടി പ്രതീക്ഷിക്കുന്നു': കേന്ദ്രത്തിനെതിരെ വരുണ്‍ ഗാന്ധിയുടെ ഒളിയമ്പ്
|സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, റിഷി അഗർവാൾ എന്നിവരെ ചൂണ്ടിക്കാട്ടിയാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം
സ്വന്തം പാര്‍ട്ടിയെയും മോദി സര്‍ക്കാരിനെയും ലക്ഷ്യമിട്ട് ബി.ജെ.പി എംപി വരുണ്‍ ഗാന്ധി അടുത്തകാലത്ത് ഇടയ്ക്കിടെ പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന എബിജി ഷിപ്യാഡിന്റെ 23,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വരുണ്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ്.
സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, റിഷി അഗർവാൾ എന്നീ പേരുകള്‍ ചൂണ്ടിക്കാട്ടിയാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. ഇവര്‍ക്കെതിരെ 'ശക്തമായ സർക്കാർ' 'ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്.
വിജയ് മല്യ- 9000 കോടി, നീരവ് മോദി- 14,000 കോടി, റിഷി അഗര്‍വാള്‍- 23,000 കോടി... കടബാധ്യത കാരണം പതിനാലോളം പേര് രാജ്യത്ത് ദിനംപ്രതി ആത്മഹത്യ ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ സമൃദ്ധിയുടെ കൊടുമുടിയിലാണ്. 'ശക്തമായ സർക്കാർ' 'ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് കേന്ദ്രത്തിനെതിരെ വരുണ്‍ ഗാന്ധിയുടെ ഒളിയമ്പ്.
विजय माल्या: 9000 करोड़
— Varun Gandhi (@varungandhi80) February 18, 2022
नीरव मोदी: 14000 करोड़
ऋषि अग्रवाल: 23000 करोड़
आज जब कर्ज के बोझ तले दब कर देश में रोज लगभग 14 लोग आत्महत्या कर रहे हैं, तब ऐसे धन पशुओं का जीवन वैभव के चरम पर है।
इस महा भ्रष्ट व्यवस्था पर एक 'मजबूत सरकार' से 'मजबूत कार्यवाही' की अपेक्षा की जाती है।
ഒളിവിൽപ്പോയ വ്യവസായികളായ വിജയ് മല്യയും നീരവ് മോദിയും രാജ്യം വിട്ടു. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഷി അഗര്‍വാളിന്റെ എബിജി ഷിപ്യാഡ് 23,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള എംപിയാണ് വരുണ്‍ ഗാന്ധി. കര്‍ഷക സമരത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വരുണ്‍ ഗാന്ധി നേരത്തെ വിമര്‍ശിച്ചിരുന്നു.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ആശിഷ് മിശ്രക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് വരുണ്‍ ഗാന്ധി ആവശ്യപ്പെടുകയുണ്ടായി. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയും വരുണ്‍ ഗാന്ധി കേന്ദ്രത്തെ വിമര്‍ശിക്കുകയുണ്ടായി.