'നരേന്ദ്രമോദി നൽകിയ ഉറപ്പുകളുടെ വിജയം': ഝൽരാപട്ടനിൽ വീണ്ടും വസുന്ധര രാജെ
|അമിത് ഷായുടെ തന്ത്രങ്ങളുടെയും ജെ പി നഡ്ഡയുടെ നേതൃത്വത്തിന്റെയും വിജയം കൂടിയാണിതെന്നും വസുന്ധര രാജെ സിന്ധ്യ കൂട്ടിച്ചേർത്തു.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യക്ക് ജയം. ഝൽരാപട്ടൻ മണ്ഡലത്തിൽ 5,3193 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 2003 മുതൽ ഝൽരാപട്ടൻ മണ്ഡലത്തിൽ വിജയം ഉറപ്പാക്കി വരികയാണ് വസുന്ധര രാജെ സിന്ധ്യ. അതിനാൽ തന്നെ വിജയിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ഉറപ്പുകളുടെ വിജയമെന്ന് വസുന്ധര രാജെ സിന്ധ്യ പ്രതികരിച്ചു. അമിത് ഷായുടെ തന്ത്രങ്ങളുടെയും ജെ പി നഡ്ഡയുടെ നേതൃത്വത്തിന്റെയും വിജയം കൂടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകരെയും വസുന്ധര രാജെ സിന്ധ്യ അഭിനന്ദിച്ചു.
രാജസ്ഥാനിൽ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന നേതാവാണ് വസുന്ധര രാജെ സിന്ധ്യ. വിജയത്തോടെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധര രാജെ സിന്ധ്യയുടെ പേര് ചർച്ചകളിൽ നിറയുകയാണ്. 2003ലാണ് വസുന്ധര രാജെ രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പിന്നീട് 2013-ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തി.
വസുന്ധര രാജെക്ക് പുറമെ രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തിലേക്ക് ദ്യാധര മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ദിയ കുമാരി, സവായ് മധോപൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഡോ. കിരോഡി ലാൽ മീണ, ജയ്പൂരിലെ ഝോട്വാര നിയമസഭാ സീറ്റിലെ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ബിജെപി മുൻ അധ്യക്ഷൻ സതീഷ് പൂനിയ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
അതേസമയം, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണുണ്ടായത്. രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്ത ബിജെപി, മധ്യപ്രദേശ് നിലനിർത്തി. തെലങ്കാനയിൽ അധികാരം പിടിച്ചെടുക്കാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ലോക്‌സഭ പടിവാതിൽക്കൽ നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും കരുത്തേകുന്നതാണ് ജനവിധി. ഛത്തീസ്ഗഡും മധ്യപ്രദേശും കൈവിട്ടത് കോൺഗ്രസിന് വെല്ലുവിളിയാണ്.