കോവിഡ് ഫണ്ട് അഴിമതി; കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാൻ ശിപാർശ
|ആളുകൾ കോവിഡ് ബാധിച്ചു മരിച്ചുവീഴുമ്പോൾ സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ബെംഗളൂരു: കോവിഡ് ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാൻ ശിപാർശ. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിച്ച് റിട്ടേർഡ് ഹൈക്കോടതി ജഡ്ജി മൈക്കൽ ഡി കുൻഹയാണ് യെദ്യൂരപ്പക്കെതിരെ റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും ആരോഗ്യമന്ത്രിയായിരുന്ന ബി. ശ്രീരാമുലുവും അഴിമതി വിരുദ്ധ നിയമപ്രകാരം വിചാരണ നേരിടണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പിപിഇ കിറ്റ്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ചൈനീസ് കമ്പനികളിൽനിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് ലോക്കൽ കമ്പനികളെക്കാൾ വളരെ ഉയർന്ന വിലയിലാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ കമ്പനികളിൽനിന്ന് 330.40 രൂപക്ക് കിട്ടുന്ന പിപിഇ കിറ്റ് വിദേശ കമ്പനിയിൽനിന്ന് 2,117.53 രൂപക്കാണ് വാങ്ങിയത്.
അതേസമയം കോൺഗ്രസ് സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് എന്നായിരുന്നു ബി.എസ് യെദ്യൂരപ്പയുടെ പ്രതികരണം. കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
ആളുകൾ കോവിഡ് ബാധിച്ചു മരിച്ചുവീഴുമ്പോൾ സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പ്രതിപക്ഷത്തായിരുന്ന സമയത്ത് തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ജസ്റ്റിസ് കുൻഹ കമ്മീഷൻ ഇപ്പോൾ ശരിവെച്ചിരിക്കുകയാണ്. ശിപാർശയുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.