മണിപ്പൂരിൽ വീണ്ടും സ്ഫോടനം; പാലം തകർന്നു
|രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് വീണ്ടും സ്‌ഫോടനം
ഇംഫാൽ: രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മണിപ്പൂരിൽ വീണ്ടും സ്‌ഫോടനം. ഇന്ന് പുലർച്ചെ നടന്ന സ്ഫോടനത്തിൽ പാലം തകർന്നു. ഇടത്തരം തീവ്രതയുള്ള മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്. കാങ്പോക്പി ജില്ലയിലെ സപോർമീനക്കടുത്ത് രാത്രി 1:15ഓടെയാണ് സംഭവം.
രണ്ടാംഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെയാണ് സ്ഫോടനം. സംഭവത്തിൽ ഇതുവരെ പരിക്കോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംഫാലിനെയും നാഗാലാൻഡിലെ ദിമാപൂരും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത 2ൽ ഗതാഗത തടസം നേരിട്ടു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേന സമീപ പ്രദേശങ്ങളും മറ്റ് പാലങ്ങളിലും തിരച്ചിൽ ആരംഭിച്ചു.
ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ വിവിധ പോളിങ് കേന്ദ്രങ്ങളിൽ വെടിവെപ്പും ഇ.വി.എം യന്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് 11 പോളിങ് കേന്ദ്രങ്ങളിൽ ഏപ്രിൽ 22ന് വീണ്ടും വോട്ടെടുപ്പ് നടന്നിരുന്നു.