ബിഹാറിലും 'ഇൻഡ്യാ' സഖ്യത്തിന് തിരിച്ചടി; മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു
|ബുധനാഴ്ച നിയമസഭാ നടപടികൾ ആരംഭിച്ചപ്പോൾ മൂവരും ഭരണപക്ഷത്തേക്ക് ഇരിപ്പിടം മാറ്റുകയായിരുന്നു
പട്ന: ബിഹാറിലും ഇൻഡ്യാ സഖ്യത്തിന് തിരിച്ചടി. മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. രണ്ട് കോൺഗ്രസ് എം.എൽ.എമാരും ഒരു ആർ.ജെ.ഡി എം.എൽ.എയുമാണ് ബിജെപിയിൽ ചേർന്നത്.
ബുധനാഴ്ച നിയമസഭാ നടപടികൾ ആരംഭിച്ചപ്പോൾ കോൺഗ്രസ് എംഎൽഎമാരായ മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ് സൗരഭ്, ആർജെഡിയുടെ സംഗീത കുമാരി എന്നിവര്‍ ഭരണപക്ഷത്തിന്റെ ഇരിപ്പിടത്തിലേക്ക് മാറുകയായിരുന്നു.ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലാണ് ഇവരെ എൻഡിഎ എംഎൽഎമാർ ഇരിക്കുന്ന ഭാഗത്തേക്ക് ആനയിച്ചത്. പാർട്ടി വിടുകയാണെന്ന് മൂന്ന് പേരും പിന്നീട് വ്യക്തമാക്കി.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മന്ത്രിസഭയിലെ മന്ത്രിയായിരുന്നു മുരാരി ഗൗതം. നിതീഷ് എൻ.ഡി.എയിലേക്ക് മാറിയതോടെയാണ് മന്ത്രി സ്ഥാനം നഷ്ടമായത്. സൗരഭ് ബിക്രമിൽ നിന്നും സംഗീത കുമാരി മൊഹാനിയയില്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎമാരാണ്.ആഴ്ചകൾക്ക് മുമ്പ് ആർ.ജി.ഡി.യുടെ മൂന്ന് എം.എൽ.എമാർ പാർട്ടി വിട്ടിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം മൂന്നുപേർക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർക്ക് പരാതി നൽകുമെന്ന് ആർജെഡിയും കോൺഗ്രസും പറഞ്ഞു.