ചെരിപ്പിനുള്ളിൽ ബ്ലൂടൂത്ത്; അധ്യാപക യോഗ്യതാ പരീക്ഷക്കെത്തിയ 'കോപ്പിയടി വീരന്മാർ' പിടിയിൽ
|സംസ്ഥാനത്തുടനീളം ഞായാറാഴ്ച നടക്കുന്ന അധ്യാപക യോഗ്യതാ പരീക്ഷക്കിടെയായിരുന്നു അഞ്ചംഗ സംഘത്തെ പിടികൂടിയത്.
അധ്യാപക യോഗ്യതാ പരീക്ഷക്കിടെ കോപ്പി അടിക്കാൻ ശ്രമിച്ച പരീക്ഷാർഥികളെ പൊലീസ് പിടികൂടി. രാജസ്ഥാൻ എലിജിബിലിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ് (ആർ.ഇ.ഇ.ടി) പരീക്ഷക്കിടെയാണ് അധ്യാപക വിരുതൻമാരെ പിടികൂടിയത്. ചെരിപ്പിനുള്ളിൽ ബ്ലൂടൂത്ത് ഒളിച്ചുകടത്തി കോപ്പിയടിക്കാൻ ശ്രമിച്ച അഞ്ചു പേരെയാണ് പിടികൂടിയത്.
സംസ്ഥാനത്തുടനീളം ഞായാറാഴ്ച നടക്കുന്ന അധ്യാപക യോഗ്യതാ പരീക്ഷക്കിടെയായിരുന്നു കോപ്പിയടി വീരൻമാരെ പിടികൂടിയത്. കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടെ നടന്ന പരീക്ഷക്കിടെ നടന്ന പരിശോധനയിലാണ് സംഘം വലയിലായത്. പരീക്ഷക്കെത്തിയ മൂന്നു പേരും, ഇവരെ സഹായിക്കാനായി എത്തിയ രണ്ടു പേരെയുമാണ് അധികൃതർ പിടിച്ചത്. ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ പിടികൂടിയെന്നും ബിക്കാനീർ പൊലീസ് മാധ്യമങ്ങോട് പറഞ്ഞു.
മൊബൈൽ സിം കാർഡും ബ്ലൂട്ട് ഉപകരണങ്ങളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ഹൈടെക്ക് പരീക്ഷാർഥികളിൽ നിന്നും കണ്ടെടുത്തു. പരീക്ഷ നടക്കുന്ന ഗംഗാഷഹറിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യംചെയ്യുമെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.