റോഡിലൂടെ നടന്നുപോകുമ്പോൾ നായ കുരച്ചു, ഉടമയാണെന്ന് കരുതി മറ്റൊരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; ഒരാൾ അറസ്റ്റിൽ
|എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ തന്നെ കുത്തിയെന്ന് പരിക്കേറ്റയാള്‍
ബംഗളൂരു: റോഡിലൂടെ നടക്കുമ്പോൾ ഒരു നായ കുരച്ചതിനെത്തുടർന്ന് ഉടമയെന്ന് തെറ്റിദ്ധരിച്ച് ഒരാളെ കുത്തിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ബംഗളൂരിലെ മല്ലേശ്വരം ഏഴാം ക്രോസിലാണ് സംഭവം. എച്ച് രാജു എന്നയാളാണ് പിടിയിലായത്. പരിക്കേറ്റ ബാലസുബ്രഹ്മണ്യയെ കെസി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുമ്പോൾ റോഡിൽവെച്ച് ഇയാൾക്ക് നേരെ ഒരു നായ കുരച്ചതായാണ് റിപ്പോർട്ട്. ഈ സമയം എതിർദിശയിൽ നിന്ന് ഒരാൾ നടന്നുവരുന്നുണ്ടായിരുന്നു. ഈ നായയുടെ ഉടമയാണെന്ന് കരുതി ഇയാളുടെ താടിയെല്ലിൽ കത്തികൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. നായയെ കെട്ടഴിച്ച് വിട്ട ദേഷ്യത്തിലാണ് രാജു കുത്തിപരിക്കേൽപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ രാജു തന്നെ കുത്തിയിരുന്നെന്ന് പരിക്കേറ്റ ബാലസുബ്രഹ്മണ്യ പറഞ്ഞു.
'അയാൾ എന്റെ നേരെ വന്ന് ആക്രോശിക്കാൻ തുടങ്ങി. അയാൾ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ല. അയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് എന്റെ താടിയെല്ലിൽ കുത്തി. പിന്നീട് എന്റെ കൈയിലും വിരലുകളിലും കുത്തി. ഞാൻ പേടിച്ച് നിലവിളിക്കാൻ തുടങ്ങി. അതുവഴി വന്ന വഴിയാത്രക്കാരാണ് എന്നെ ആശുപത്രിയിലെത്തിച്ചത്'..''ബാലസുബ്രഹ്മണ്യ പറഞ്ഞു. പരാതിയെടുത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.