'എല്ലാം വ്യാജ വാഗ്ദാനങ്ങൾ'; ബി.ജെ.പി പ്രകടനപത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ
|ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നത്.
ബംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
''ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165 വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം''-സിദ്ധരാമയ്യ പറഞ്ഞു.
ഇന്ന് രാവിലെ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. ഏക സിവിൽ കോഡും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കുമെന്നാണ് പ്രകടനപത്രികയിൽ പ്രധാന വാഗ്ദാനങ്ങൾ. ഉന്നതതല സമിതി നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ എത്രയും വേഗം സംസ്ഥാനത്തുനിന്ന് പുറത്താക്കാൻ എൻ.ആർ.സിയും നടപ്പാക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്.