'ബോളിവുഡ് താരങ്ങളെ വില്ക്കുമ്പോള് തെന്നിന്ത്യ മികച്ച കഥയില്‍ സിനിമകള്‍ ചെയ്യുന്നു'; വിമര്‍ശനവുമായി അനുപം ഖേര്‍
|'ഹോളിവുഡിനെ അനുകരിക്കാതെ മികച്ച കഥകള്‍ സിനിമകളാക്കുന്നത് കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്. എന്നാല്‍ ബോളിവുഡില്‍ താരങ്ങളെയാണ് വില്‍പ്പന നടത്തുന്നത്'
ബോളിവുഡ് താര കേന്ദ്രീകൃത സിനിമകള്‍ ചെയ്യുമ്പോള്‍ തെന്നിന്ത്യന്‍ സിനിമകള്‍ കഥയും കാമ്പുമുള്ള സിനിമകള്‍ ചെയ്യുന്നുവെന്ന് ബോളിവുഡ് നടന് അനുപം ഖേര്‍. തുടര്‍ച്ചയായി ബോളിവുഡ് സിനിമകള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയും തെന്നിന്ത്യന്‍ സിനിമകള്‍ ബ്ലോക്ക് ബസ്റ്ററുകളുമാകുന്നു. തെന്നിന്ത്യന്‍ സിനിമകള്‍ താരങ്ങളെ മാറ്റിനിര്‍ത്തി മികച്ച കഥകള്‍ ചെയ്യുന്നതു കൊണ്ടാണ് വലിയ വിജയം സാധ്യമാകുന്നതെന്നും അനുപം ഖേര്‍ അഭിപ്രായപ്പെട്ടു.
'നിങ്ങള്‍ പ്രേക്ഷകര്‍ക്കായി സിനിമകള്‍ ചെയ്യുന്നു. പ്രേക്ഷകരെ പരിഗണിക്കാതെ സിനിമ ചെയ്യുന്ന ദിവസം പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. 'ഞങ്ങള്‍ നിങ്ങള്‍ക്കായി മഹത്തായൊരു സിനിമ ചെയ്യുന്നു', എന്ന തരത്തില്‍ സിനിമകള്‍ എടുക്കുമ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. ഇനി നിങ്ങള്‍ ഒരു മികച്ച സിനിമ കാണുകയാണെങ്കില്‍, മഹത്തരമായത് സംഭവിക്കുന്നത് കൂട്ടായ പരിശ്രമത്തിലാണ്. ഞാന്‍ തെലുഗ് സിനിമകളിലൂടെയാണ് അത് പഠിച്ചത്. ഞാന്‍ ഈയടുത്തൊരു തെലുഗ് സിനിമ ചെയ്തു. തമിഴിലും ഒരു സിനിമയില്‍ അഭിനയിച്ചു. ഇനി അഭിനയിക്കാനിരിക്കുന്നത് മലയാളത്തിലാണ്'; അനുപം ഖേര്‍ പറഞ്ഞു.
താന്‍ വിവിധ ഭാഷാ ചിത്രങ്ങളെ വേര്‍തിരിച്ചു കാണുകയല്ല. ഹോളിവുഡിനെ അനുകരിക്കാതെ മികച്ച കഥകള്‍ സിനിമകളാക്കുന്നത് കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്. എന്നാല്‍ ബോളിവുഡില്‍ താരങ്ങളെയാണ് വില്‍പ്പന നടത്തുന്നതെന്നും അനുപം ഖേര്‍ പറഞ്ഞു.
അനുപം ഖേര്‍ പ്രധാന വേഷത്തിലെത്തിയ കശ്മീര്‍ ഫയല്‍സ് വലിയ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നിഖില്‍ സിദ്ധാര്‍ദ്ധ സംവിധാനം ചെയ്ത 'കാര്‍ത്തികേയ 2' ആണ് അനുപം ഖേര്‍ അഭിനയിച്ച് പുറത്തിറങ്ങിയ പുതിയ ചിത്രം. കങ്കണ റണൌത്ത് പ്രധാന വേഷത്തിലെത്തുന്ന 'എമര്‍ജന്‍സി'-യിലും അനുപം ഖേര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.