India
പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ് ഷെൽ കണ്ടെത്തി
India

പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ് ഷെൽ കണ്ടെത്തി

Web Desk
|
2 Jan 2023 4:18 PM GMT

അതീവ സുരക്ഷാമേഖലിൽ ബോംബ് ഷെൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കാണുന്നത്.

ചണ്ഡീ​ഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാന്റെ വസതിക്ക് സമീപം ബോംബ് ഷെൽ കണ്ടെത്തി. കൻസലിലെ ടി പോയിന്റിനും നയാ ഗാവോണിനും ഇടയിലുള്ള മാമ്പഴത്തോട്ടത്തിലാണ് ബോംബ് ഷെൽ കണ്ടെത്തിയത്. അതീവ സുരക്ഷാമേഖലിൽ ബോംബ് ഷെൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കാണുന്നത്.

ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ് സ്ഥലത്തെത്തുകയും പൊലീസ് പ്രദേശം സീൽ ചെയ്യുകയും ചെയ്തു. ഈ പ്രദേശത്തു നിന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഏകദേശം ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുടെ ഹെലിപാഡും ഇതിനടുത്ത് തന്നെയാണ്. ഷെൽ കണ്ടെത്തിയ സമയം മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. സംഭവം സമീപ പ്രദേശങ്ങളിലും പരിഭ്രാന്തി പടർത്തി. നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.

"മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഒരു ബോംബ് ഷെൽ കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെയും ബോംബ് നിർവീര്യ സേനയുടെയും സഹായത്തോടെ അത് നിർവീര്യമാക്കിയിട്ടുണ്ട്. സ്ഥലത്തേക്ക് സൈനിക സംഘത്തെ വിളിച്ചിട്ടുണ്ട്. പൊലീസ് സംഘം പ്രദേശം വളഞ്ഞിരിക്കുകയാണ്. കൂടുതൽ അന്വേഷണം നടക്കുന്നു"- ചണ്ഡീഗഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നോഡൽ ഓഫീസർ സഞ്ജീവ് കോഹ്‌ലി പറഞ്ഞു.

"സിവിൽ അഡ്മിനിസ്ട്രേഷൻ വഴി ചണ്ഡീഗഡ് പൊലീസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ സേനയുടെ വിദഗ്ധ സംഘം പ്രദേശം സന്ദർശിക്കും. നിലവിൽ, വെസ്റ്റേൺ കമാൻഡിൽ നിന്നുള്ള ഒരു സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല"- വെസ്റ്റേൺ കമാൻഡിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ വസതിക്ക് സമീപം കണ്ടെത്തിയ ബോംബ് ഷെൽ അതീവ ആശങ്കാജനകമാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് പറഞ്ഞു.

"മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ് സ്ഥാപിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ, അവർക്ക് എന്തും ചെയ്യാം. വിഷയം സമഗ്രമായി അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു"- വാറിങ് പറഞ്ഞു.

Similar Posts