India
മാധ്യമങ്ങളിലെ നോൺ വെജ് ഭക്ഷണ പരസ്യങ്ങൾ നിരോധിക്കണം; ഹരജി തള്ളി ഹൈക്കോടതി
India

മാധ്യമങ്ങളിലെ നോൺ വെജ് ഭക്ഷണ പരസ്യങ്ങൾ നിരോധിക്കണം; ഹരജി തള്ളി ഹൈക്കോടതി

Web Desk
|
26 Sep 2022 12:30 PM GMT

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോഗ്യകരമല്ലെന്നു മാത്രമല്ല പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതുമാണ്. ഈ പരസ്യങ്ങൾ നോൺ വെജ് കഴിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണെന്നും അവർ അവകാശപ്പെട്ടു.

മുംബൈ: നോൺ വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കെതിരായ പൊതുതാൽപര്യ ഹരജി തള്ളി ബോംബെ ഹൈക്കോടതി. അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ നോൺ വെജ് ഭക്ഷണ പരസ്യങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ ജെയ്ൻ ചാരിറ്റിബിൾ ട്രസ്റ്റുകളാണ് കോടതിയെ സമീപിച്ചത്. എന്തിനാണ് മറ്റുള്ളവരുടെ അവകാശങ്ങൾക്കു മേൽ കടന്നുകയറാൻ ശ്രമിക്കുന്നതെന്ന് ചോദിച്ചാണ് കോടതി ഹരജി തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് മാധവ് ജെ ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.

ശ്രീ ആത്മ കമൽ ലബ്ധിസുരീശ്വർജി ജെയിൻ ജ്ഞാനാനന്ദിർ ട്രസ്റ്റ്, ഷേത്ത് മോതിഷ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ശ്രീ വർധമാൻ പരിവാർ, മുംബൈ വ്യവസായി ജ്യോതിന്ദ്ര രാംനിക്ലാൽ ഷാ എന്നിവർ ഹരജിക്കാരിൽ ഉൾപ്പെടുന്നു. ഇത്തരം പരസ്യങ്ങൾ സമാധാനത്തോടെ ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റേയും ലംഘനമാണെന്ന് പറഞ്ഞാണ് ഇവർ ഹരജി സമർപ്പിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ ഇത്തരം പരസ്യങ്ങൾ കാണാൻ നിർബന്ധിതരാവുകയാണെന്നും ഈ പരസ്യങ്ങൾ അവരുടെ മനസിനെ ബാധിക്കുമെന്നും ഹരജിക്കാർ അവകാശപ്പെട്ടു.

ഇക്കാര്യത്തിൽ, സംസ്ഥാന സർക്കാർ, ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ വകുപ്പ്, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, അഡ്വർടൈസ്‌മെന്റ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ, വിവിധ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ മാംസ കമ്പനികൾ എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നിർദേശം നൽകണം എന്നും പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

സസ്യാഹാരത്തിൽ വിശ്വസിക്കുന്ന ആളുകളെ ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക മാത്രമല്ല, അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നതിനാൽ, മാധ്യമങ്ങളിലൂടെയുള്ള സസ്യേതര ഭക്ഷണങ്ങളുടെ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനുമുള്ള മാർ​ഗനിർദേശങ്ങൾ രൂപീകരിക്കാനും പുറപ്പെടുവിക്കാനും അധികാരികളോട് ആവശ്യപ്പെടണം എന്നായിരുന്നു ഹരജിയിലെ സുപ്രധാന ആവശ്യം.

ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (ജി) ജീവജാലങ്ങളോട് അനുകമ്പ കാണിക്കുന്നത് മൗലിക കടമകളിൽ ഒന്നായിരിക്കെ, ഈ പരസ്യങ്ങൾ അവരോടുള്ള ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ഹരജിക്കാരുടെ വാദം. മദ്യത്തിന്റെ പരസ്യത്തിന് നിരോധനമുണ്ടെന്നും സിഗരറ്റിന്റെ പരസ്യം നൽകുന്നതിന് സർക്കാരിന്റെ ചില നിയന്ത്രണങ്ങളുണ്ടെന്നും ഹരജിയിൽ പറയുന്നു. നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോഗ്യകരമല്ലെന്നു മാത്രമല്ല പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതുമാണ്. ഈ പരസ്യങ്ങൾ നോൺ വെജ് കഴിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണെന്നും അവർ അവകാശപ്പെട്ടു.

നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും തങ്ങൾ എതിരല്ലെന്നും എന്നാൽ അത്തരം വസ്തുക്കളുടെ പരസ്യത്തിനെതിരെ മാത്രമാണ് തങ്ങളുടെ പരാതിയെന്നും ഹരജിക്കാർ പറയുന്നു. എന്നാൽ പൊതുതാൽപര്യ ഹരജിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ നിയമസഭയുടെ പരിധിയിൽ വരുന്നതാണെന്നും നിരോധനം ഏർപ്പെടുത്തുന്ന നിയമമോ ചട്ടങ്ങളോ രൂപീകരിക്കാൻ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. ഏതെങ്കിലും അവകാശം ലംഘിക്കപ്പെട്ടാൽ ഹൈക്കോടതിക്ക് ഇടപെടാമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിരോധനം ആവശ്യപ്പെട്ട് ഹരജിക്കാർ മറ്റുള്ളവരുടെ അവകാശങ്ങളിൽ കടന്നുകയറുകയാണെന്നും കോടതി വ്യക്തമാക്കി. "ഭരണഘടനയുടെ ആർട്ടിക്കിൾ 19 (വ്യക്തി സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം) ലംഘിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത് എന്നും എന്തുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളിൽ കടന്നുകയറുന്നതെന്നും കോടതി ചോദിച്ചു. രണ്ട് രീതിയിലാണ് ഇതിനെ കാണാനാവുക. ഒരു സാധാരണ മനുഷ്യൻ പറയും ടിവി ഓഫ് ചെയ്താൽ മതിയെന്ന്. എന്നാൽ ഞങ്ങൾ അതിനെ നിയമത്തിന്റെ കണ്ണിലൂടെ നോക്കും. എന്നാൽ ഇവിടെ അങ്ങനെയൊരു നിയമമില്ല. അതിനാലാണ് നിങ്ങൾ ഞങ്ങളോട് നിയമം രൂപീകരിക്കാൻ ആവശ്യപ്പെടുന്നത്-"ബെഞ്ച് പറഞ്ഞു.

Similar Posts