മീഡിയവൺ വിധി: പോരാട്ടത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു
|'മീഡിയവൺ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിങ് തുടങ്ങി.
ഡൽഹി: മീഡിയവൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപെടുത്തിയ വിലക്കും അതിനെതിരായ പോരാട്ടവും സുപ്രിംകോടതി വിധിയുടെ വിശദാംശങ്ങളും പ്രതിപാദിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. 'മീഡിയവൺ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' എന്ന പേരിൽ മീഡിയവൺ പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രകാശനം ചെയ്തത്.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും രാജ്യസഭ അംഗവുമായ ദിഗ്വിജയ് സിങ്, മുൻ ഡൽഹി മന്ത്രി രാജേന്ദ്ര പാൽ ഗൗതം, പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡൻ്റ് ഉമകാന്ത് ലഖേര, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്മാൻ, സുപ്രിംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ, മീഡിയവൺ എം.ഡി ഡോ. യാസീൻ അഷ്റഫ്, എഡിറ്റർ പ്രമോദ് രാമൻ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
മാധ്യമസ്വാതന്ത്ര്യം, മാധ്യമങ്ങളെ സംബന്ധിച്ച നിയമം എന്നിവയെ സംബന്ധിച്ച പാഠപുസ്തകമാണ് 'മീഡിയവൺ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ'. നാല് ഭാഗങ്ങളായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. ലൈസൻസ് പുതുക്കി നൽകാനുള്ള അപേക്ഷ കേന്ദ്രം നിരാകരിച്ചതും ഈ നടപടി റദ്ദാക്കിയ സുപ്രിംകോടതി വിധിയും അതിന്റെ പ്രാധാന്യവും ചർച്ച ചെയ്യുന്നതാണ് ആദ്യ ഭാഗം. പ്രഫ. ഉപേന്ദ്ര ബക്സി, ജ. ദീപക് ഗുപ്ത, എൻ.റാം, ഗൗതം ഭാട്ടിയ, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, കാളീശ്വരം രാജ്, എം.ജി രാധാകൃഷ്ണൻ, ടി.ടി ശ്രീകുമാർ, ഒ.അബ്ദുറഹ്മാൻ തുടങ്ങിയവരുടെ വിശകലനങ്ങളും ഇതിൽ വായിക്കാം.
അനിശ്ചിതത്വത്തിന്റെ 14 മാസങ്ങളും പൂർണമായും സാറ്റലൈറ്റ് പ്രക്ഷേപണം ഇല്ലാതായ 35 ദിവസങ്ങളും മറികടന്നതിനെ കുറിച്ച് സി.ഇ.ഒ റോഷൻ കക്കാട്ട്, എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ രണ്ടാം ഭാഗത്തിൽ വിശദമാക്കുന്നു. മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകളും വിവിധ കോടതി വിധികളും മൂന്നാം ഭാഗത്തിൽ ചേർത്തിട്ടുണ്ട്. സുപ്രിംകോടതി വിധിയെ അധികരിച്ച് വിവിധ പത്രങ്ങൾ പ്രസിദ്ധീകരിച്ച ലേഖനങ്ങളും മുഖപ്രസംഗങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മീഡിയവൺ അക്കാദമി പ്രിൻസിപ്പൽ ഡോ. പി.കെ സാദിഖാണ് പുസ്തകത്തിൻ്റെ എഡിറ്റർ. 600 പേജുള്ള പുസ്തകം ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്. 680 രൂപ മുഖവിലയുള്ള പുസ്തകം പ്രീ പബ്ലിക്കേഷനിൽ ബുക്ക് ചെയ്യുന്നവർക്ക് 550 രൂപയ്ക്ക് ലഭിക്കും. store.mediaoneonline.com എന്ന വെബ്സൈറ്റിലൂടെ പുസ്തകം ഓർഡർ ചെയ്യാം.