അണ്ണാ ഹസാരെ എവിടെയാണ്?; ചോദ്യമുയർത്തി ബോക്‌സിങ് താരം വിജേന്ദർ സിങ്
|1962ലെ ഇന്ത്യ-ചൈന യുദ്ധവേളയിൽ സേനയിൽ ചേർന്ന അണ്ണാ ഹസാരെ അവിടെ ട്രക്ക് ഡ്രൈവറായിരുന്നു. പഞ്ചാബിലായിരുന്നു പോസ്റ്റിങ്. 1975ൽ സേനയിൽനിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു.
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ അണ്ണാ ഹസാരെ എവിടെയെന്ന ചോദ്യമുയരുന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാവായ ബോക്‌സിങ് താരം വിജേന്ദർ സിങ് 'അണ്ണാ ഹസാരെ എവിടെയാണ്?' എന്ന ചോദ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് അത് ലൈക്ക് ചെയ്തത്.
യുപിഎ ഭരണകാലത്ത് അഴിമതിവിരുദ്ധ പോരാളിയായി രംഗപ്രവേശം ചെയ്ത ഹസാരെ നടത്തിയ സമരങ്ങൾ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം അദ്ദേഹം സമരരംഗത്തൊന്നും അധികം പ്രത്യക്ഷപ്പെടാറില്ല. ഇതിനെ ട്രോളിയാണ് വിജേന്ദറിന്റെ ട്വീറ്റ്.
अन्ना हज़ारे कहां है 😆
— Vijender Singh (@boxervijender) June 20, 2022
1962ലെ ഇന്ത്യ-ചൈന യുദ്ധവേളയിൽ സേനയിൽ ചേർന്ന അണ്ണാ ഹസാരെ അവിടെ ട്രക്ക് ഡ്രൈവറായിരുന്നു. പഞ്ചാബിലായിരുന്നു പോസ്റ്റിങ്. 1975ൽ സേനയിൽനിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഗാന്ധിയൻ ആദർശങ്ങളാണ് തന്നെ നയിക്കുന്നതെന്നാണ് ഹസാരെ അവകാശപ്പെടുന്നത്.
രണ്ടാം യുപിഎ സർക്കാറിന്റെ കാലത്ത് ഹസാരെയും സംഘത്തിലുണ്ടായിരുന്നവരാണ് അരവിന്ദ് കെജരിവാളും കിരൺ ബേദിയുമെല്ലാം. കെജരിവാൾ പിന്നീട് ആം ആദ്മി പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങി. കിരൺ ബേദി ബിജെപിയിൽ ചേരുകയായിരുന്നു.