India
Boy Comes In Contact With High-Tension Line While Flying Kite
India

പട്ടം പറത്തുന്നതിനിടെ ഷോക്കേറ്റ് 12കാരന് ദാരുണാന്ത്യം

Web Desk
|
16 Jan 2024 12:39 PM GMT

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉജ്ജൈൻ: പട്ടം പറത്തുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് 12കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജൈനിൽ തിങ്കളാഴ്ചയാണ് സംഭവം.

ഞായറാഴ്ച ബേഗംബാഗ് ഏരിയയിൽ വീടിന്റെ ടെറസിൽ നിന്ന് പട്ടം പറത്തുകയായിരുന്നു കുട്ടി. ഈ സമയം ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് മഹാകാൽ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് വർമ ​​പറഞ്ഞു.

ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു- അദ്ദേഹം വ്യക്തമാക്കി.

പട്ടം പറത്തുന്നതിടെ ചരട് കഴുത്തില്‍ കുടുങ്ങി രാജസ്ഥാനിലെ കോട്ട സ്വദേശിയായ 12കാരനും കഴിഞ്ഞദിവസം മരിച്ചിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്ര ഭീൽ ആണ് മരിച്ചത്. ജില്ലയില്‍ സമാനമായ സംഭവങ്ങളില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായം പൊലീസ് പറഞ്ഞു.

ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ചില്ലുപൊടിയാൽ പൊതിഞ്ഞ നിരോധിത സിന്തറ്റിക് നൂലാണ് അപകടത്തിന് കാരണമായത്. കുട്ടി തിങ്കളാഴ്ച വൈകിട്ട് വീടിന്‍റെ ടെറസില്‍ സുഹൃത്തുക്കളോടൊപ്പം പട്ടം പറത്തുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മകര സംക്രാന്തി ദിനത്തില്‍ പട്ടം പറത്തിയ 60 വയസുകാരനുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സതൂർ ഗ്രാമത്തിൽ പട്ടം ചരട് കഴുത്തിൽ കുടുങ്ങി രാംലാൽ മീണ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്ടം പറത്തലുമായി ബന്ധപ്പെട്ടതാണ് മകരസംക്രാന്തി എന്നറിയപ്പെടുന്ന ഉത്തരായന ഉത്സവം.

ഇതുകൂടാതെ, സമാനരീതിയിൽ ഒരു സൈനികനും ജീവൻ നഷ്ടമായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി കെ കോടേശ്വർ റെഡ്ഡിയാണ് മരിച്ചത്. കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. താമസിക്കുന്ന ലം​ഗാർ ഹൗസ് പ്രദേശത്തേക്ക് ബൈക്കിൽ പോവുന്നതിനിടെയാണ് അപകടമുണ്ടായത്.





Similar Posts