16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; കുഴല്‍ക്കിണറില്‍ വീണ ബാലന് ദാരുണാന്ത്യം
|16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലര്‍ച്ചയോടെ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
കളിച്ചു കൊണ്ടിരിക്കേ കുഴൽക്കിണറിലേക്ക് കാൽതെറ്റി വീണ നാലുവയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് സംഭവം. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് നാലുവയസ്സുകാരനായ ഗൗരവ് ദുബേ കളിച്ചു കൊണ്ടിരിക്കെ വീടിനുമുന്നിലെ കുഴൽക്കിണറിലേക്ക് കാൽവഴുതി വീണത്. തുടർന്ന് ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനമാരംഭിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുട്ടിയെ പുറത്തെത്തിച്ചത്. ബോധരഹിതനായിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിക്കാനായെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നും മാതാപിതാക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു എന്നും ഉമാരിയ ജില്ലാ കളക്ടര്‍ സഞ്ജീവ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.