വരൻ വാങ്ങിക്കൊടുത്ത ലഹങ്കയുടെ വില 'കുറഞ്ഞുപോയി'; കല്യാണത്തിൽ നിന്ന് പിന്മാറി യുവതി
|വിവാഹം മുടങ്ങിയതോടെ വരൻ പൊലീസിൽ പരാതി നൽകി
ഡെറൂഡൂൺ: ഉറപ്പിച്ച വിവാഹങ്ങൾ മുടങ്ങുന്നത് അത്രപുതുമയുള്ള കാര്യമല്ല. പല കാരണങ്ങൾ കൊണ്ട് വിവാഹങ്ങൾ മുടങ്ങാറുണ്ട്. എന്നാൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹം മുടങ്ങിയ കാരണം കേട്ടാൽ ആരായാലും ഒന്നരമ്പരക്കും. മറ്റൊന്നുമല്ല, വരൻ കൊടുത്തയച്ച ലഹങ്ക വധുവിന് ഇഷ്ടമായില്ല. ഈ കാരണം കൊണ്ടാണ് യുവതി വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഡിസൈൻ ഇഷ്ടമാകാത്തതോ കളർ ഇഷ്ടമാകാത്തതോ അല്ല. ലഹങ്കയുടെ വില കുറഞ്ഞു പോയി എന്നാണ് യുവതിയുടെ ആരോപണം.
അൽമോറ സ്വദേശിയായ വരൻ ലഖ്നൌവിൽ നിന്ന് 10,000 രൂപയ്ക്കാണ് വധുവിന് ലെഹങ്ക ഓർഡർ ചെയ്തത്. എന്നാൽ അത്രയും 'വിലകുറഞ്ഞ' ലഹങ്ക ധരിക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്ന് യുവതി തീർത്തുപറഞ്ഞു. എന്നാൽ, വരന്റെ വീട്ടുകാർ വിവാഹ കാർഡുകളും അച്ചടിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. വിവാഹം മുടങ്ങിയതോടെ വരൻ പൊലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും പൊലീസ് വിളിച്ചുവരുത്തി. എന്നാൽ സ്റ്റേഷനിൽ വെച്ചും ഇരുകൂട്ടരും തമ്മിൽ തർക്കമായി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുകയായിരുന്നു.
യുവതി നൈനിറ്റാളിലെ ഹൽദ്വാനി ജില്ലക്കാരാണ്. ജൂൺ മാസത്തിലായിരുന്നു വിവാഹനിശ്ചയം. നവംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്നും ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്തു.