വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു; അനിയത്തിയെ വിവാഹം ചെയ്ത് വരൻ
|വിവാഹം കഴിയുന്നത് വരെ പെൺകുട്ടിയുടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചു
അഹമ്മദാബാദ്: വിവാഹചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹചടങ്ങുകൾ മുടക്കാനാവില്ലെന്ന് പറഞ്ഞ കുടുംബം വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്തു നൽകി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. ഭാവ്‌നഗറിലെ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഭാവ്നഗർ സ്വദേശിനിയായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാൽ റാണാഭായിയുടെയും വിവാഹത്തിനിടെയായിരുന്നു സംഭവമുണ്ടായത്.
വരനായ വിശാലിനൊപ്പം വിവാഹ ചടങ്ങുകൾ നടത്തുന്നതിനിടെ വധുവായ ഹേതൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ ആഘോഷങ്ങൾ തുടരാൻ കുടുംബം നിർദേശിച്ചു. ഇളയ സഹോദരിയെ വിവാഹം കഴിക്കാൻ വരനോട് ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.അനിയത്തിയുമായി വിവാഹം കഴിയുന്നത് വരെ പെൺകുട്ടിയുടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹശേഷം മൃതദേഹം സംസ്‌കരിച്ചു.
സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ഭാവ്നഗറിലെ മാൽധാരി കമ്മ്യൂണിറ്റിയുടെ നേതാവ് ലക്ഷ്മൺഭായ് പറഞ്ഞു. മകളുടെ വിയോഗത്തിൽ കുടുംബം തകർന്നെങ്കിലും മറ്റുള്ളവരുടെ നിർബന്ധപ്രകാരമാണ് അനിയത്തിയെ വിവാഹം ചെയ്തു നൽകിയെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.