വിവാഹ ചടങ്ങിൽ നൃത്തം ചെയ്തതിന് വരൻ തല്ലി; വധു ബന്ധുവിനെ കല്യാണം കഴിച്ചു
|തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പണ്രുട്ടിയിലാണ് സംഭവം നടന്നത്
വിവാഹ സത്ക്കാരത്തിനിടെ നൃത്തം ചെയ്തതിന് വരൻ തല്ലിയതിനെ തുടർന്ന് വധു തന്റെ ബന്ധുവിനെ വിവാഹം കഴിച്ചു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പണ്രുട്ടിയിലാണ് സംഭവം നടന്നത്.
പണ്രുട്ടി സ്വദേശിയായ യുവതിയുടെയും പെരിയക്കാട്ടുപാളയം സ്വദേശിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വർഷം നവംബർ ആറിനായിരുന്നു. ഈ മാസം 20ന് കടമ്പുലിയൂർ ഗ്രാമത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തിന് തലേദിവസം 19നായിരുന്നു റിസ്പഷന് തീരുമാനിച്ചിരുന്നത്. ചടങ്ങില്‍ ഡിജെക്കിടെ വധൂവരന്മാര് നൃത്തം ചെയ്തു. എന്നാല്‍ വധുവിന്റെ ബന്ധു ദമ്പതികളുടെ കൈകളില്‍ പിടിച്ചു ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ബന്ധു തോളില്‍ കൈവച്ചതോടെ വരന് പ്രകോപിതനായി. വധുവിനെയും ബന്ധുവിനെയും വരൻ തള്ളിമാറ്റി. തുടര്‍ന്ന് ഇരുവീട്ടുകാരും അതിഥികളും നോക്കിനില്‍ക്കെ വേദിയില്‍ വച്ച് വരന് വധുവിനെ അടിക്കുകയായിരുന്നു. തുടര്‍ന്ന് കല്യാണം വേണ്ടെന്നു വയ്ക്കാൻ വധു തീരുമാനിക്കുകയും അവളുടെ മാതാപിതാക്കൾ ഈ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.
പിന്നീട് ബന്ധുക്കള്‍ക്കിടയില്‍ നിന്നും മകള്‍ക്ക് അനുയോജ്യനായ വരനെ മാതാപിതാക്കള്‍ കണ്ടെത്തുകയായിരുന്നു. നിശ്ചയിച്ച തിയതിയില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹവും നടത്തി. പക്ഷെ മറ്റൊരു വിവാഹവേദിയില്‍ വച്ചായിരുന്നു കല്യാണം. എന്നാല്‍ വധുവിനെതിരെ പഴയ വരന് പണ്രുട്ടി വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് മറ്റൊരാള്‍ക്കൊപ്പം യുവതി ഡാന്‍സ് ചെയ്തതെന്ന് വരന് ചോദിച്ചപ്പോള്‍ അതു തന്റെ തീരുമാനമെന്നായിരുന്നു വധുവിന്റെ മറുപടി. വധുവിന്റെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പഴയ വരന് ആരോപിച്ചു. അവര്‍ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി വരന് പറയുന്നു. വിവാഹച്ചടങ്ങുകൾക്കായി തന്റെ കുടുംബം ഏഴ് ലക്ഷം രൂപ ചെലവഴിച്ചുവെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും പഴയ വരൻ പറഞ്ഞു.