സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപ വധുവിന്‍റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി യുവാവ്
|തനിക്ക് സ്ത്രീധനമായി ലഭിച്ച തുക വധുവിന്‍റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കിയിരിക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാന്‍
മുസഫര്‍നഗര്‍: സ്ത്രീധനം കണക്കുപറഞ്ഞ് വാങ്ങുന്നവര്‍ക്കും സ്ത്രീധനം കുറഞ്ഞുപോയതിന്‍റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുന്നവര്‍ക്കും മുന്നില്‍ മാതൃകയായിരിക്കുകയാണ് യുപിയിലെ മുസഫര്‍നഗറില്‍ നിന്നുള്ള ഈ യുവാവ്. തനിക്ക് സ്ത്രീധനമായി ലഭിച്ച തുക വധുവിന്‍റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കിയിരിക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാന്‍. പകരം ഒരു രൂപ 'ഷാഗുണ്‍' ആയി വാങ്ങുകയും ചെയ്തു.
ടിറ്റാവി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലഖൻ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ഈ മാതൃകാപരമായ വിവാഹം നടന്നത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ മകളെയാണ് സൗരഭ് വിവാഹം കഴിച്ചത്. ചൗഹാന്‍റെ പ്രവൃത്തിയെ ഗ്രാമവാസികളെല്ലാവരും അഭിനന്ദിക്കുകയാണ്. നല്ല മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി ഇത് മാറുമെന്ന് കിസാൻ മസ്ദൂർ സംഗതൻ ദേശീയ പ്രസിഡന്റ് താക്കൂർ പുരൺ സിംഗ് പറഞ്ഞു.ഇത് മറ്റുള്ളവർക്ക് മാതൃകയാകുമെന്ന് ഗ്രാമവാസിയായ അമർപാൽ പറഞ്ഞു.