'ധൈര്യമുണ്ടെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എനിക്കെതിരെ മത്സരിക്കൂ': പ്രിയങ്കയെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍
|തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രിയങ്ക ഗാന്ധിയും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമാണെന്ന് ബ്രിജ് ഭൂഷണ്‍
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്. ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്നയാളാണ് ബ്രിജ് ഭൂഷണ്‍.
തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രിയങ്ക ഗാന്ധിയും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമാണെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. കൈസർഗഞ്ച് മണ്ഡലത്തിലെ എം.പിയാണ് ബ്രിജ് ഭൂഷണ്‍. നേരത്തെയും ഹൂഡയ്‌ക്കെതിരെ സമാനമായ ആരോപണങ്ങൾ ബി.ജെ.പി എംപി ഉന്നയിച്ചിട്ടുണ്ട്.
ബ്രിജ് ഭൂഷണെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തി ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്തണമെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു- "നിയമവും ധാർമികതയും പറയുന്നത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറ്റാരോപിതനായ വ്യക്തിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി നീതിപൂർവകമായ അന്വേഷണം നടത്തണമെന്നാണ്. അറസ്റ്റ് ചെയ്യണം, കോടതിയിൽ ശിക്ഷിക്കപ്പെടണം. എന്നാൽ രാജ്യത്തിന് നേട്ടങ്ങൾ സമ്മാനിച്ച വനിതാ താരങ്ങളെ പീഡിപ്പിച്ചെന്ന് ആരോപണം നേരിട്ടയാളെ ബി.ജെ.പി സർക്കാര്‍ സംരക്ഷിക്കുകയാണ്. എന്തിനാണ് വിഷയം ഒതുക്കുന്നത്? എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സര്‍ക്കാര്‍ മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് പ്രതി ഇപ്പോഴും ബി.ജെ.പിയിൽ തുടരുന്നത്? എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?"
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് ബ്രിജ് ഭൂഷണ്‍ മറുപടി നല്‍കി. പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമം ആരെയും കുറ്റവാളിയായി കണക്കാക്കുന്നില്ല. അത് കോടതികളുടെ പ്രത്യേകാവകാശമാണ്. കോടതിയിൽ വാദം ഉന്നയിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും ബ്രിജ് ഭൂഷണ്‍ വിശദീകരിച്ചു. പ്രിയങ്കയ്ക്കും കോൺഗ്രസിനും കോടതികളിൽ വിശ്വാസമില്ലെന്നും അതിനാലാണ് എല്ലാ കേസുകളിലും മാധ്യമ വിചാരണ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നതെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.
Summary- Wrestling Federation of India president and BJP MP Brij Bhushan Sharan Singh, who is facing allegations of sexual harassment by some women wrestlers, dared Congress general secretary Priyanka Gandhi Vadra to contest the LS election against him